Advertisement

രാജ്യത്ത് ഒന്നരലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍

April 11, 2021
Google News 0 minutes Read

രാജ്യത്ത് ഒന്നരലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 1,52,879 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 839 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11 ലക്ഷം കടന്നു.

തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ ഒരുലക്ഷത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ കൊവിഡ് കേസുകളില്‍ ഏറെയും മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, കേരള സംസ്ഥാനങ്ങളില്‍ നിന്നാണ്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ടീക്കാ ഉത്സവ് ഇന്ന് മുതലാണ്. ബുധനാഴ്ച വരെയാണ് വാക്സിന്‍ ഉത്സവമായി ആചരിക്കുന്നത്. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ലാതെ കര്‍ഫ്യൂവും വാരാന്ത്യ ലോക്ക് ഡൗണും ഏര്‍പ്പെടുത്തി രോഗവ്യാപനം നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് രാജ്യം.

വാക്‌സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ വിമുഖത കാട്ടുന്നതായി ആരോഗ്യമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. അര്‍ഹരായ കൂടുതല്‍ ആളുകളിലേക്ക് വാക്‌സിന്‍ ലക്ഷ്യമിട്ട് രാജ്യം വാക്‌സിന്‍ ഉത്സവമായി ആചരിക്കുകയാണ്. ഏപ്രില്‍ 14 വരെയുള്ള വാക്‌സിന്‍ ഉത്സവത്തിനായി വാര്‍ഡ് തലം മുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഡല്‍ഹിയില്‍ വീടുകള്‍ കയറി ഉള്ള പ്രചാരണം നടത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. അതിനിടെ വാക്‌സിന്‍ ക്ഷാമം ചൂണ്ടിക്കാട്ടി കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്തെത്തി. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങള്‍ക്കു പുറമേ ഉത്തരാഖണ്ഡിലും തെലുങ്കാനയിലും ഡല്‍ഹിയിലും വാക്‌സിന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തു.

30 ലക്ഷം ഡോസുകള്‍ അടിയന്തരമായി വേണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടു. ആശങ്ക പരിഹരിച്ച് വാക്‌സിന്‍ ലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ആം ആദ്മി പാര്‍ട്ടി കത്തയച്ചു. സ്ഥിതി രൂക്ഷമായ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here