ഭാഗ്യമല്ലേ… ഒരു പോറലും പോലും അവര്‍ക്ക് ഏറ്റില്ലല്ലോ; ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയ സംഭവത്തിന്റെ ഞെട്ടലില്‍ ദൃക്‌സാക്ഷി

ഇന്ന് രാവിലെ 8.30 ഓടെയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും കുടുംബവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ എറണാകുളം പനങ്ങാട് ചതുപ്പുനിലത്തേക്ക് ഇടിച്ചിറക്കിയത്. യന്ത്രതകരാറിനെ തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ അടിയന്തരമായി ഇടിച്ചിറക്കേണ്ട സാഹചര്യമുണ്ടായത്. പൈലറ്റ് ഉള്‍പ്പെടെ അഞ്ചുപേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. പനങ്ങാട് പൊലീസ് സ്റ്റേഷന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്തേക്ക് ഇടിച്ചിറക്കുകയായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്നവരുടെ ഭാഗ്യമാണ് അവരെ രക്ഷപ്പെടുത്തിയതെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷിയായ രാജേഷ് പറയുന്നു.

രാജേഷിന്റെ വാക്കുകള്‍ ഇങ്ങനെ; രാവിലെ 8.30 ഓടെയായിരുന്നു അപകടം. നല്ല മഴയായിരുന്നു. വീടിന് മുന്നില്‍ ഇരിക്കുവായിരുന്നു. വെള്ളക്കെട്ട് മാറ്റുന്നതിനായി മണ്‍വെട്ടിയുമായി പുറത്തെത്തിയപ്പോഴായിരുന്നു ഹെലികോപ്റ്റര്‍ താഴ്ന്ന് വരുന്നത് കണ്ടത്. പറഞ്ഞ്തീരുന്ന സമയംകൊണ്ട് പെട്ടെന്ന് താഴേക്ക് വീഴുകയായിരുന്നു.

താഴെ വീണപ്പോള്‍ ഹെലികോപ്റ്ററിന്റെ ഫാന്‍ കറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഫാനിന്റെ കറക്കം നിന്നപ്പോഴേക്കും ഓടിയിറങ്ങി അടുത്ത് ചെന്ന് നോക്കി. അപ്പോള്‍ ആരും പുറത്തേക്ക് ഇറങ്ങിയില്ല. എന്താ സംഭവിച്ചതെന്നും അറിയില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ പൈലറ്റ് പുറത്തിറങ്ങി ഡോര്‍ തുറക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് അകത്ത് ആളുണ്ടെന്ന് മനസിലായത്.

ആദ്യം അവര്‍ പുറത്തിറങ്ങാന്‍ തയാറായില്ല. പിന്നെ കുഴപ്പമില്ല പുറത്തിറങ്ങാന്‍ പറഞ്ഞ് പുറത്തേക്ക് ഇറക്കുകയായിരുന്നു.

ആര്‍ക്കും മുറിവൊന്നും പറ്റിയില്ല. ആരാണ് ഹെലികോപ്റ്ററിലുള്ളതെന്ന് അറിയില്ലായിരുന്നു. പിന്നീട് പറഞ്ഞാണ് അറിഞ്ഞത്. അവരെ വീട്ടിലേക്ക് കയറ്റി കസേര കൊടുത്ത് ഇരുത്തി. രണ്ടുപേരും കുറച്ചുനേരം ഇരുന്നു. പിന്നീട് പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top