റഫാൽ ഇടപാട് അന്വേഷിക്കണമെന്ന പൊതുതാത്പര്യ ഹർജി സുപ്രിംകോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും

റഫാൽ ഇടപാട് അന്വേഷിക്കണമെന്ന പൊതുതാത്പര്യ ഹർജി സുപ്രിംകോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈമാസം 23ന് ബോബ്‌ഡെ വിരമിക്കുന്ന സാഹചര്യത്തിൽ ഹർജി നേരത്തെ പരിഗണിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഫ്രഞ്ച് യുദ്ധവിമാന നിർമാണ കമ്പനിയായ ദസോ ഏവിയേഷൻ, ആയുധ ഇടനിലക്കാരന് കോഴ നൽകിയെന്ന ആരോപണം അന്വേഷിക്കണമെന്നാണ് പൊതുപ്രവർത്തകനായ മനോഹർ ലാൽ ശർമയുടെ ആവശ്യം. റഫാൽ ഇടപാട് അന്വേഷിക്കണമെന്ന ആവശ്യം സുപ്രിംകോടതി നേരത്തെ തള്ളിയിരുന്നു.
റഫാൽ യുദ്ധവിമാന കരാറിൽ പുതിയ വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമസ്ഥാപനം രംഗത്തെത്തിയിരുന്നു. റഫാൽ വിമാന നിർമാണ കമ്പനിയായ ഡാസോ കരാറിൽ ഒപ്പുവെച്ചതിനു പിന്നാലെ ഇന്ത്യയിലെ ഇടനിലക്കാർക്ക് 10 ലക്ഷം യൂറോ (8.6 കോടി രൂപ) പാരിതോഷികമായി നൽകിയെന്നാണ് ഫ്രഞ്ച് പ്രസിദ്ധീകരണമായ മീഡിയാപാർട്ട് റിപ്പോർട്ട് ചെയ്തത്. ഡാസോ കമ്പനിയുടെ ഓഡിറ്റിംഗ് നിർവഹിച്ച ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജൻസിയായ എഎഫ്എയുടെ രേഖകൾ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ട്.
ഇതിനു പിന്നാലെ റഫാൽ കരാറിൽ ഗുരുതര ക്രമക്കേടുകൾ നടന്നുവെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത് എത്തി.
റഫാൽ അഴിമതിയിൽ പണം തട്ടിയതാര്?, കരാറിലെ അഴിമതി വിരുദ്ധ വ്യവസ്ഥകൾ റദ്ദാക്കിയത് ആര്?, പ്രതിരോധ മന്ത്രാലയത്തിന്റെ നിർണായക രേഖകൾ ഇടനിലക്കാരന് നൽകിയത് ആര്?, എന്നിവയായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വിറ്റിലെ ചോദ്യങ്ങൾ. സമാന ചോദ്യങ്ങൾ പ്രിയങ്കയും ഉന്നയിച്ചു.
Story Highlights: rafale deal supreme court will hear the public interest litigation two weeks later