പരുക്ക്; ബെൻ സ്റ്റോക്സ് ഐപിഎലിൽ നിന്ന് പുറത്ത്

രാജസ്ഥാൻ റോയൽസിൻ്റെ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഐപിഎലിൽ നിന്ന് പുറത്ത്. പഞ്ചാബ് കിംഗ്സിനെതിരെ നടന്ന മത്സരത്തിൽ കൈക്ക് പരുക്കേറ്റതിനെ തുടർന്നാണ് താരം ലീഗിൽ നിന്നു പുറത്തായത്. വിവരം രാജസ്ഥാൻ റോയൽസ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ സീസണിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത രാജസ്ഥാന് ബെൻ സ്റ്റോക്സിൻ്റെ അഭാവം കനത്ത തിരിച്ചടിയാകും.
ക്രിസ് ഗെയിലിൻ്റെ ക്യാച്ച് എടുക്കുന്നതിനിടെയാണ് സ്റ്റോക്സിനു പരുക്കേറ്റത്. ഉടൻ ചികിത്സ തേടിയ താരം ഒരു ഓവർ മാത്രമേ എറിഞ്ഞിരുന്നുള്ളൂ. ബാറ്റിംഗ് ഓപ്പൺ ചെയ്ത താരത്തിന് റൺസ് എടുക്കാൻ സാധിച്ചതുമില്ല.
ലീഗ് അവസാനിക്കുന്നതു വരെ താരം തങ്ങൾക്കൊപ്പം തുടരുമെന്ന് രാജസ്ഥാൻ റോയൽസ് അറിയിച്ചു. അടുത്ത ദിവസം സ്റ്റോക്സിൻ്റെ കൈ എക്സ്റേ എടുക്കുമെന്നാണ് വിവരം.
ആവേശം നിറഞ്ഞ മത്സരത്തിൽ 4 റൺസിനാണ് പഞ്ചാബ് വിജയിച്ചത്. ക്യാപ്റ്റനായി സ്ഥാനമേറ്റ ആദ്യ മത്സരത്തിൽ തന്നെ സഞ്ജു ഉജ്ജ്വല സെഞ്ചുറിയുമായി ടീമിനെ നയിച്ചെങ്കിലും വിജയത്തിൽ എത്തിക്കാനായില്ല. പഞ്ചാബ് ഉയർത്തിയ 222 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് മാത്രമേ നേടാനായുള്ളൂ. ഇന്നിംഗ്സിലെ അവസാന പന്തിൽ സഞ്ജു (119) അർഷ്ദീപിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു.
Story Highlights: Ben Stokes ruled out of IPL with an injury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here