കെ ടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവിന് എതിരെ റിട്ട് ഹര്‍ജി; അധാര്‍മിക നടപടിയെന്ന് മുല്ലപ്പള്ളി

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവിന് എതിരെ സര്‍ക്കാര്‍ റിട്ട് ഹര്‍ജി നല്‍കുന്നത് അധാര്‍മിക നടപടിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പിന്നെ എന്തിന് വേണ്ടിയാണ് രാജി നാടകം അരങ്ങേറിയതെന്ന് മുല്ലപ്പള്ളിയുടെ ചോദ്യം.

അഡ്വക്കറ്റ് ജനറലിന്റെ കൈയില്‍ നിന്ന് നിയമോപദേശം എഴുതിവാങ്ങിയത് മുഖം രക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. ലോകായുക്തയുടെ ഉത്തരവ് ചട്ടപ്രകാരം തന്നെയാണ്. ലോകായുക്തക്കുള്ള അധികാരം ഉപയോഗിച്ചാണ് അത് ചെയ്തത്. ഇനി രാജി വയ്ക്കാനുള്ളത് മുഖ്യമന്ത്രിയെന്നും ചെന്നിത്തല.

Read Also : കെഎം ഷാജിയുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ വൈര്യ നിര്യാധന ബുദ്ധിയോടെ; മുല്ലപ്പള്ളി രാമചന്ദ്രൻ

അതേസമയം നിര്‍വാഹമില്ലാതെ വന്നപ്പോഴാണ് മന്ത്രി കെ ടി ജലീലിന്റെ രാജിയെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. പിടിച്ചുനില്‍ക്കാന്‍ നോക്കിയെങ്കിലും കുടുങ്ങിയപ്പോള്‍ രാജി വച്ചുവെന്നും കുഞ്ഞാലിക്കുട്ടി.

മന്ത്രി കെ ടി ജലീല്‍ കഴിഞ്ഞ ദിവസമാണ് രാജിവച്ചത്. ബന്ധുനിയമന വിവാദത്തില്‍ ലോകായുക്താ വിധിക്കെതിരായ ഹര്‍ജി പരിഗണിക്കവെ ആയിരുന്നു ജലീലിന്റെ രാജി. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക ദൂതന്‍ വഴിയാണ് ജലീല്‍ രാജിക്കത്ത് കൈമാറിയത്. രാജി മുഖ്യമന്ത്രി സ്വീകരിച്ചു.

ബന്ധുവായ കെ ടി അദീപിനെ സംസ്ഥാന ന്യുനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ചതില്‍ മന്ത്രി കെ.ടി. ജലീല്‍ അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍. ജലീലിന് മന്ത്രിയായി തുടരാന്‍ യോഗ്യതയില്ലെന്നും ലോകായുക്ത വിധിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കെ ടി ജലീലിന് രാജിവയ്ക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നു.

Story Highlights: mullappally ramachandran, k t jaleel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top