‘അഭിമന്യു രാഷ്ട്രീയക്കാരനല്ല’; പ്രതികരണവുമായി വള്ളികുന്നത്ത് കൊല്ലപ്പെട്ട 15 വയസ്സുകാരന്റെ പിതാവ്

കായംകുളം വള്ളികുന്നത്ത് 15 വയസ്സുകാരൻ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പിതാവ് അമ്പിളി കുമാർ. അഭിമന്യു രാഷ്ട്രീയക്കാരനല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രശ്നത്തിനും പോകാത്തയാളാണ് അഭിമന്യു. എന്തിനാണ് അവനെ കൊലപ്പെടുത്തിയതെന്ന് അറിയില്ല. അതേസമയം, സഹോദരൻ അനന്ദു ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പടയണിവെട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം.
“ഫോൺ വിളിച്ചപ്പോ പറഞ്ഞത് കൂട്ടുകാരനെ കണ്ടിട്ട് ഇപ്പോൾ വരുമെന്നാണ്. മൂത്ത ആള് അമ്പലത്തിൽ പോയോ എന്നറിയാനായി വിളിച്ചപ്പോൾ അയാൾ പോയിട്ടില്ലെന്ന് പറഞ്ഞു. അയാൾ കൂട്ടുകാരൻ്റെ വീട്ടിലായിരുന്നു. ഞാൻ കിടന്ന് മയക്കം പിടിച്ചപ്പോഴാണ് അനിയത്തിയുടെ മകളുടെ മൊബൈലിൽ സുഹൃത്തുക്കൾ ആരോ വിളിച്ചുപറഞ്ഞപ്പോഴാണ് സംഭവം അറിഞ്ഞത്. ആശുപത്രിയിൽ എത്തിയപ്പോൾ മരിച്ചുകിടക്കുന്നതായാണ് കണ്ടത്.”- പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
സിപിഐഎമ്മിൻ്റെ ലോക്കൽ ഏരിയ കമ്മറ്റി സെക്രട്ടറി പറയുന്നത് അഭിമന്യു സ്കൂളിൽ എസ്എഫ്ഐക്കായി രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്നു എന്നാണ്. തങ്ങൾക്ക് കൊലപാതകത്തിൽ പങ്കില്ലെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് പറഞ്ഞു.
സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിലായിരുന്നു. പ്രതിയെന്ന് സംശയിക്കപ്പെടുന്ന സജയ് ദത്തിൻ്റെ പിതാവിനെയും സഹോദരനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സജയ് ദത്തിനെ ഇതുവരെ പിടികിട്ടിയിട്ടില്ല. പ്രതി എവിടെയുണ്ട് എന്നതിനെപ്പറ്റി പൊലീസിന് വിവരം ലഭിച്ചു എന്നാണ് സൂചന. കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിൽ വള്ളികുന്നത്ത് സിപിഐഎം ഹർത്താൽ പ്രഖ്യാപിച്ചു.
അഭിമന്യുവിനൊപ്പം ഉണ്ടായിരുന്ന ആദർശ്, കാശി എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവർക്കും സംഘട്ടനത്തിൽ സാരമായ പരുക്കേറ്റിട്ടുണ്ട്. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോ എന്നതിനെപ്പറ്റി പൊലീസ് വ്യക്തമാക്കിയിട്ടില്ല. പ്രാദേശിക തലത്തിൽ നിലനിന്ന പ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സൂചനയുണ്ട്.
Story Highlights: The father of a 15-year-old boy who was killed in response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here