പള്ളിപ്പുറം സ്വർണക്കവർച്ച; നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം പള്ളിപ്പുറത്തു സ്വർണ്ണവ്യാപാരിയെ ആക്രമിച്ചു 100 പവൻ സ്വർണ്ണം കവർച്ച നടത്തിയ സംഭവത്തിൽ നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്വർണ വ്യാപാരിയായ സമ്പത്തിൻ്റെ കാറിലുണ്ടായിരുന്ന പണം ലക്ഷ്യമിട്ടാണ് സംഘം കവർച്ച പദ്ധതിയിട്ടതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രതികളുടെ വീട്ടിൽ നിന്ന് കവർച്ച ചെയ്ത സ്വർണവും പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് നെയ്യാറ്റിൻകരയിൽ നിന്നും ആറ്റിങ്ങളിലേക്ക് കാറിൽ പോവുകയായിരുന്ന സ്വർണ്ണവ്യാപാരി സമ്പത്തിനെ ഒരു സംഘം പള്ളിപ്പുറത്തിനു സമീപത്തു വെച്ച് ആക്രമിച്ചത്. കാറിലുണ്ടായിരുന്ന നൂറു പവൻ സ്വർണ്ണം പ്രതികൾ തട്ടിയെടുത്തിരുന്നു.കവർച്ചാ സംഘം സഞ്ചരിച്ചിരുന്ന കാറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷമാണ് പ്രദേശവാസികളായ പ്രതികളിൽ എത്തിയത്.
സ്ഥലത്തെ ഇടറോഡുകൾ കൃത്യമായി പരിചയമുള്ളവരാണ് പ്രതികളെന്നു തുടക്കം മുതൽ പൊലീസ് സംശയിച്ചിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് പെരുമാതുറ സ്വദേശികളായ നെബിൻ, അൻസർ, അണ്ടൂർക്കോണം സ്വദേശി ഫൈസൽ, സ്വർണം വിൽക്കൻ സഹായിച്ച പെരുമാതുറ സ്വദേശി നൗഫൽ എന്നിവരെ അറസ്റ്റ് ചെയ്‌തത്.
സ്വർണ വ്യാപാരി സമ്പത്തിന്റെ കാറിൻ്റെ രഹസ്യ അറിയിലുണ്ടായിരുന്ന പണമായിരുന്നു പ്രതികളുടെ ലക്ഷ്യം. പക്ഷേ, കാർ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് സ്വർണവുമായി സംഘം കടന്നത്. ആക്രമണത്തിന് പിന്നാലെ, കാറിലുണ്ടായിരുന്ന 75 ലക്ഷം രൂപ സ്വർണവ്യാപാരി സമ്പത്ത് കൊല്ലത്തുള്ള ബന്ധുവിനെ വിളിച്ചുവരുത്തി കൈമാറിയിരുന്നു. സമ്പത്തിനെ ചോദ്യം ചെയ്‌തതിൽ നിന്ന് ഇത് മനസ്സിലാക്കിയ പൊലീസ് പിന്നീട് പണം കണ്ടെടുത്തു. അതേ സമയം, കവർച്ച ആസൂത്രണം ചെയ്‌ത മുഖ്യ സൂത്രധാരൻ ഉൾപ്പെടെയുള്ള ഇനിയും പ്രതികൾ പിടിയിലാകാനുണ്ട്. സ്വർണവും പണവും കൊണ്ടുപോകുന്ന വിവരം കൃത്യമായി അറിയാവുന്ന ഒരാളാണ് ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചത്. ഇവരെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Story Highlights: tvm gold robbery 4 arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here