സഹകരണ സ്ഥാപനത്തിലെ പണമിടപാടുമായി ബന്ധപ്പെട്ട ക്രമക്കേട്; ജില്ലാ കമ്മറ്റി അംഗങ്ങൾക്കെതിരെ സിപിഐഎം അന്വേഷണം

CPIM probe district committee

സഹകരണ സ്ഥാപനത്തിലെ പണമിടപാടുമായി ബന്ധപ്പെട്ട ക്രമക്കേടിൽ രണ്ട് ജില്ലാ കമ്മറ്റി അംഗങ്ങൾക്കെതിരെ സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റിയുടെ അന്വേഷണം. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ നേതാക്കളുടെ പരാതിയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുതിർന്ന രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെ നേതൃത്വം ചുമതലപ്പെടുത്തി.

സിപിഐഎം ഭരിക്കുന്ന ഒറ്റപ്പാലത്തെ ഒരു പ്രമുഖ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നിരിക്കുന്നത്. പാർട്ടിയുടെ രണ്ട് ജില്ലാ കമ്മറ്റി അംഗങ്ങൾക്കെതിരെ നേതൃത്വത്തിന് പരാതി നൽകിയത് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ നേതാക്കളാണ്. ബാങ്കുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും ഇതിൽ രണ്ട് ജില്ലാ കമ്മറ്റി അംഗങ്ങൾക്ക് പങ്കുണ്ടെന്നും പരാതിയിൽ പറയുന്നു. ഒരു ജില്ലാ കമ്മറ്റി അംഗത്തിൻ്റെ മകൻ്റെ അക്കൗണ്ടിലേക്ക് അനധികൃതമായി ബാങ്കിലെ പണം നിക്ഷേപിച്ചെന്നും ഇതിലും ക്രമക്കേടുണ്ടെന്നും പരാതിക്കാർ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതടക്കം പരിശോധിക്കാനാണ് പാലക്കാട് ജില്ലാ നേതൃത്വം രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളെ ചുമതലപ്പെടുത്തിയിരിക്കുന്നത്. പരാതിയെ കുറിച്ച് പഠിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി കെ ചാമുണ്ണി, വി ചെന്താമരാക്ഷൻ എന്നിവർക്ക് നേതൃത്വം നൽകിയിരിക്കുന്ന നിർദേശം. എന്നാൽ തങ്ങൾക്കെതിരെ വിഭാഗീയതയുടെ ഭാഗമായി കെട്ടിച്ചമച്ച പരാതിയാണെന്നാണ് ആരോപണ വിധേയരായ രണ്ട് ജില്ലാ കമ്മറ്റി അംഗങ്ങളുടേയും നിലപാട്.

Story Highlights: CPIM probe against district committee members

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top