എബിയുടെ ‘മാക്സിമം’ എഫർട്ട്; കൊൽക്കത്തയ്ക്ക് 205 റൺസ് വിജയലക്ഷ്യം

kkr runs rcb ipl

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 205 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 204 റൺസ് നേടിയത്. 78 റൺസ് നേടിയ ഗ്ലെൻ മാക്സ്‌വലാണ് ആർസിബിയുടെ ടോപ്പ് സ്കോറർ. 76 റൺസെടുത്ത് പുറത്താവാതെ നിന്ന എബി ഡിവില്ല്യേഴ്സും തിളങ്ങി.

സ്പിന്നർമാരാണ് കൊൽക്കത്തയ്ക്കായി ബൗളിംഗ് ഓപ്പൺ ചെയ്തത്. രണ്ടാം ഓവറിൽ തന്നെ മോർഗൻ്റെ തന്ത്രം ഫലം കണ്ടു. 5 റൺസ് മാത്രമെടുത്ത കോലി വരുൺ ചക്രവർത്തിയുടെ ഇരയായി മടങ്ങി. ആ ഓവറിൽ തന്നെ രജത് പാടിദാറും (1) പുറത്തായി. 2 വിക്കറ്റിന് 9 റൺസ് എന്ന നിലയിൽ ടീം പതറുമ്പോഴാണ് മാക്സ്‌വൽ എത്തുന്നത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച മാക്സി സ്കോർ ഉയർത്തി. മറുപുറത്ത് ദേവ്ദത്ത് പടിക്കൽ മാസ്ക്‌വലിന് മികച്ച പിന്തുണ നൽകി. 29 പന്തിൽ മാക്സ്‌വൽ ഫിഫ്റ്റി തികച്ചു. മൂന്നാം വിക്കറ്റിൽ ദേവ്ദത്തുമൊത്ത് 86 റൺസിൻ്റെ കൂട്ടുകെട്ടിലും മാക്സ്‌വൽ പങ്കാളിയായി. 25 റൺസെടുത്ത ദേവ്ദത്തിനെ പുറത്താക്കിയ പ്രസിദ്ധ് കൃഷ്ണ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

ദേവ്ദത്ത് പുറത്തായതിനു പിന്നാലെ ഡിവില്ല്യേഴ്സ് ക്രീസിലെത്തി. തുടക്കത്തിൽ മാക്സ്‌വെലിനു പിന്തുണ നൽകിയ എബി പിന്നീട് തൻ്റെ സ്വതസിദ്ധമായ ബാറ്റിംഗ് ശൈലിയിലേക്ക് മാറി. 53 റൺസാണ് ഈ സഖ്യം നാലാം വിക്കറ്റിൽ കണ്ടെത്തിയത്. 17ആം ഓവറിൽ മാക്സ്‌വൽ (49 പന്തിൽ 78) പുറത്തായി. കമ്മിൻസിനായിരുന്നു വിക്കറ്റ്. പിന്നീട് എബി കത്തിക്കയറി. 27 പന്തുകളിൽ അദ്ദേഹം ഫിഫ്റ്റി തികച്ചു. മറുവശത്ത് കെയിൽ ജമീസണിൻ്റെ ചില കൂറ്റൻ ഷോട്ടുകൾ കൂടി ആയപ്പോൾ ബാംഗ്ലൂർ 200 കടന്നു. അവസാന മൂന്ന് ഓവറിൽ 56 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത് ഡിവില്ല്യേഴ്സ് (34 പന്തിൽ 76), കെയിൽ ജമീസൺ (4 പന്തിൽ 11) എന്നിവർ പുറത്താവാതെ നിന്നു.

Story Highlights: kkr need runs to win vs rcb

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top