കൊളീജിയം ശുപാർശകൾ; കേന്ദ്രസർക്കാരിന് മുന്നിൽ സമയപരിധി വച്ച് സുപ്രിംകോടതി

ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയം ശുപാർശകളിൽ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിന് മുന്നിൽ സമയപരിധി വച്ച് സുപ്രിംകോടതി. ജഡ്ജി നിയമനത്തിന് പരിഗണിക്കുന്നവരെ സംബന്ധിച്ച ഇന്റലിജന്റ്‌സ് ബ്യൂറോ റിപ്പോർട്ട് ലഭ്യമായി, പന്ത്രണ്ട് ആഴ്ചയ്ക്കകം കേന്ദ്രസർക്കാർ തീരുമാനമെടുക്കണം എന്ന് കോടതി അറിയിച്ചു.
കൊളീജിയം ശുപാർശയിൽ എതിരഭിപ്രായമുണ്ടെങ്കിൽ അക്കാര്യം അറിയിക്കാനും വൈകരുത്. നിയമനത്തിൽ ഉറച്ചുനിന്ന് ഫയൽ വീണ്ടും അയച്ചാൽ നാലാഴ്ചയ്ക്കകം നിയമന ഉത്തരവ് ഇറക്കണമെന്നും കേന്ദ്രത്തിന് നിർദേശം നൽകി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. രാജ്യത്തെ ഹൈക്കോടതികളിലെ ഒഴിവുകൾ നികത്താനുള്ള നടപടികൾ അതത് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ സ്വീകരിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.
കൊളീജിയം ശുപാർശകളിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ആഴ്ച സുപ്രിംകോടതിയിൽ വ്യക്തമാക്കിയിരുന്നു. അറ്റോർണി ജനറൽ കെ കെ വേണുഗോപാലാണ് ഇക്കാര്യമറിയിച്ചത്.
രാജ്യത്തെ വിവിധ ഹൈക്കോടതികളിലായി 220 ഒഴിവുകളുണ്ട്. ഇവ നികത്താനുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്നും എജി വ്യക്തമാക്കി. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here