തൃശൂരിൽ നാളെ മെഗാ വാക്സിനേഷൻ ഇല്ല

തൃശൂർ ടൗൺ ഹാളിൽ നടന്നുവരുന്ന കൊവിഡ് മെഗാ വാക്സിനേഷൻ ക്യാംപ് തൃശൂർ പൂരം ദിനമായ നാളെ (വെളളിയാഴ്ച) പ്രവർത്തിക്കുന്നതല്ല. ജില്ലാ മെഡിക്കൽ ഓഫീസർ ആണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ ഇനി മുതൽ ടൗൺ ഹാളിൽ വാക്സിനേഷനായി വരുന്നവർക്ക് മുൻകൂട്ടി ഓൺലൈൻ രജിസ്ട്രേഷൻ ചെയ്ത് സമയം ലഭിച്ചെങ്കിൽ മാത്രമേ വാക്സിൻ എടുക്കാൻ സാധിയ്ക്കുകയുളളൂ എന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ഇന്ന് സംസ്ഥാനത്തിൻ്റെ പല ഭാഗത്തും വാക്സിനേഷൻ മുടങ്ങി. തിരുവനന്തപുരത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമായി. വാക്‌സിൻ എടുക്കാൻ എത്തിയവരെ തിരിച്ചയക്കുകയാണ്. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വാക്‌സിൻ മുടങ്ങി. ജില്ലയിൽ അവശേഷിക്കുന്നത് 1500 ഡോസ് മാത്രമെന്ന് അധികൃതർ വ്യക്തമാക്കി. 30ൽ താഴെ വാക്‌സിനേഷൻ കേന്ദ്രങ്ങളേ പ്രവർത്തിക്കുന്നുള്ളൂ.
കോട്ടയത്തും വാക്‌സിനേഷൻ ക്യാമ്പുകളിൽ ആളുകൾ ക്യൂ നിൽക്കുന്നുണ്ട്. ബേക്കർ മെമ്മോറിയൽ എൽപി സ്‌കൂളിൽ രാവിലെ മുതൽ വലിയ ക്യൂ ആണുള്ളത്. 23 കേന്ദ്രങ്ങളും 8 മെഗാ വാക്‌സിനേഷൻ ക്യാമ്പുകളും ജില്ലയിലുണ്ട്.
കോഴിക്കോടും വാക്‌സിൻ ക്ഷാമമുണ്ട്. പുതിയ സെറ്റ് വാക്‌സിൻ എപ്പോൾ വരുമെന്ന് അധികൃതർക്ക് വിവരം ലഭിച്ചിട്ടില്ല. ആളുകൾ വന്ന് മടങ്ങി പോകുന്ന അനുഭവമാണ് മിക്ക കേന്ദ്രങ്ങളിലുമുള്ളത്. മലപ്പുറത്തും 40000 ഡോസ് മാത്രമേ അവശേഷിക്കുന്നുള്ളൂ. കണ്ണൂരും അടുത്ത ദിവസത്തേക്കുള്ള വാക്‌സിൻ സ്റ്റോക്കില്ലെന്ന് വിവരം. വാക്‌സിൻ ക്ഷാമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിട്ട് ഒൻപത് ദിവസമായിട്ടും പ്രതികരണമൊന്നുമില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here