ധോണിയുടെ മാതാപിതാക്കൾക്ക് കൊവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുൻ ഇന്ത്യൻ നായകനും ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിംഗ്സ് നായകനുമായ എംഎസ് ധോണിയുടെ മതാപിതാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ധോണിയുടെ പിതാവ് പാൻ സിങ്, മാതാവ് ദേവകി ദേവി എന്നിവർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരെയും റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം, ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ 200 മത്സരങ്ങളിൽ നയിച്ച് ധോണി കഴിഞ്ഞ ദിവസം റെക്കോർഡ് ഇട്ടിരുന്നു. രാജസ്ഥാൻ റോയൽസിനെതിരെയാണ് ധോണി റെക്കോർഡ് ഇട്ടത്. 45 റൺസിന് ചെന്നൈ വിജയിച്ചിരുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് മുന്നോട്ടുവച്ച 189 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 49 റൺസെടുത്ത ജോസ് ബട്‌ലറാണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ. ചെന്നൈക്കായി മൊയീൻ അലി 7 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ചെന്നൈ വിജയിക്കുന്നത്. രാജസ്ഥാൻ തുടർച്ചയായ രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടു.
ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ചെന്നൈയുടെ പോരാട്ടം. രാത്രി 7.30ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഇതുവരെ മൂന്ന് മത്സരങ്ങൾ കളിച്ച ചെന്നൈ രണ്ട് മത്സരങ്ങളിൽ വിജയിച്ചു. മൂന്നിൽ ഒന്ന് മാത്രമാണ് കൊൽക്കത്ത വിജയിച്ചത്.
Story highlights: MS Dhoni’s parents hospitalised after testing positive for Covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here