കോഴിക്കോട് ജില്ലയിൽ വലിയ രീതിയിലുള്ള വാക്സിൻ ക്ഷാമമില്ല: ജില്ലാ മെഡിക്കൽ ഓഫീസർ

കോഴിക്കോട് ജില്ലയിൽ വലിയ രീതിയിലുള്ള വാക്സിൻ ക്ഷാമമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം പീയുഷ്. എന്നാൽ, ജില്ലയിലെ കൊവിഡ് സാഹചര്യം ഇപ്പോഴും രൂക്ഷമായി തുടരുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
കോഴിക്കോട് ജില്ലയിൽ നിലവിൽ 107 ഇടങ്ങളിൽ വാക്സിൻ നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിൽ 94 സർക്കാർ ആശുപത്രികളിലും 9 സ്വകാര്യ ആശുപത്രികളിലുമാണ് ഇന്ന് വാക്സിനേഷൻ പുരോഗമിക്കുന്നത്. നിലവിൽ 34000 ഡോസ് വാക്സിൻ സ്റ്റോക്കുണ്ടെങ്കിലും പ്രതീക്ഷിച്ചതിലുമധികം ആളുകൾ എത്തുന്നതാണ് പ്രതിസന്ധിയാകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ആളുകൾ കൂട്ടത്തോടെ എത്തിയതിനാൽ മെഗാ വാക്സിനേഷൻ ക്യാംപ് നടക്കേണ്ടിയിരുന്ന കൊയിലാണ്ടി നഗരസഭാ പരിധിയിലെ ക്യാംപ് മാറ്റിവച്ചു. തിരക്കൊഴിവാക്കാൻ സ്പോട്ട് രജിസ്ട്രേഷൻ ഒഴിവാക്കി ഓൺലൈൻ രജിസ്ട്രേഷൻ നടപ്പിലാക്കാൻ ആലോചിക്കുന്നതായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം പീയുഷ് പറഞ്ഞു.
സംസ്ഥാനത്ത് തന്നെ കൂടുതൽ പരിശോധനകൾ നടത്തുന്ന ജില്ലയാണ് കോഴിക്കോട്. വരും ദിവസങ്ങളിലും കേസുകളുടെ എണ്ണം വർധിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. വാക്സിൻ ക്ഷാമം മറികടക്കാനായി മെഗാ ക്യാമ്പുകൾക്ക് ഈ ഘട്ടത്തിൽ പ്രാധാന്യം നൽകേണ്ടതില്ലെന്നാണ് നിലവിലെ ആലോചന.
ജില്ലയിൽ കൊവിഡ് രോഗ വ്യാപനം രൂക്ഷമായ 12 പഞ്ചായത്തുകളിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് രോഗ വ്യാപനം തടയുന്നതിന് ആവശ്യമായ കർശന നിയന്ത്രണങ്ങൾ പ്രദേശങ്ങളിൽ നടപ്പാക്കും.
Story highlights: No major vaccine shortage in Kozhikode: District Medical Officer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here