കേന്ദ്ര വിഹിതത്തിന് കാത്തുനിൽക്കാതെ കേരളം സ്വന്തം നിലയ്ക്ക് വാക്സിൻ വാങ്ങണം: വി മുരളീധരൻ

Muraleedharan criticises covid vaccine

കേന്ദ്ര വിഹിതത്തിന് കാത്തുനിൽക്കാതെ കേരളം സ്വന്തംനിലയ്ക്ക് വാക്സിൻ വാങ്ങണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. വാക്‌സിൻ ദൗർലഭ്യം മൂലം ബുദ്ധിമുട്ടുന്ന ജനങ്ങളെ പരിഹസിക്കുകയാണ്‌ കേന്ദ്ര സഹമന്ത്രി വി മുരളീധരനെന്നു സിപിഐഎം പ്രതികരിച്ചു. കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയം ജനദ്രോഹ പരിഷ്കാരമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശിച്ചു.

കേരളത്തിലെ വാക്സിംൻ കേന്ദ്രങ്ങളിൽ സമ്പൂർണ്ണ ആരാജകത്വമാണെന്ന് വിമർശിച്ച കേന്ദ്രമന്ത്രി വി മുരളീധരൻ, സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ, കേന്ദ്രവിഹിതത്തിനു മാത്രം കാത്തു നിൽക്കാതെ കേരളം സ്വന്തം നിലയിൽ വാക്സിൻ വാങ്ങണം എന്ന് ആവശ്യപ്പെട്ടു.

വാക്‌സിൻ ക്ഷാമം കൊണ്ട് ബുദ്ധിമുട്ടുന്ന കേരളത്തിലെ ജനങ്ങളെ കേന്ദ്രമന്ത്രി പരിഹസിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പ്രതികരിച്ചു. ഒരു ഡോസ്‌ വാക്‌സിൻ പോലും കേരളത്തിന്‌ അധികം നേടിയെടുക്കാൻ ഈ കേന്ദ്രമന്ത്രിക്ക്‌ കഴിഞ്ഞില്ല. വാക്‌സിൻ സൗജന്യമായി നൽകണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തെ പിന്തുണയ്‌ക്കാൻ തയ്യാറാകാത്ത മുരളീധരൻ കേരളത്തിന്റെ ശത്രുവാണെന്ന്‌ ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണെന്നും സിപിഐഎം വ്യക്തമാക്കി.

അതേസമയം, പുതിയ വാക്സിൻ നയത്തിലൂടെ കേന്ദ്രസർക്കാർ ജനങ്ങളുടെ ജീവൻ കയ്യിലിട്ടു പന്താടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. സംസ്ഥാനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുകയും, വാക്സിൻ കമ്പനികൾക്ക് കൊള്ള ലാഭമുണ്ടാക്കാൻ അവസരം നൽകുന്നതുമാണ് കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയം എന്നും മുല്ലപ്പള്ളി പറഞ്ഞു.

Story highlights: V Muraleedharan criticizes kerala over covid vaccine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top