ഡല്‍ഹി ഓക്‌സിജന്‍ ക്ഷാമം; ഹര്‍ജിയില്‍ ഇന്ന് വാദം തുടരും

ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമത്തില്‍ സ്വകാര്യ ആശുപത്രി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും. ഡല്‍ഹി ഹൈക്കോടതി കേസില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. യാചിച്ചോ, വാങ്ങിയോ, ബലംപ്രയോഗിച്ചോ അടിയന്തരഘട്ടം മറികടക്കണമെന്ന് കോടതി നിരീക്ഷിച്ചു. അര്‍ധരാത്രിയോളം നീണ്ട അസാധാരണ സിറ്റിംഗിനിടെ, 480 മെട്രിക് ടണ്‍ ഓക്‌സിജന്‍ പൊലീസ് സുരക്ഷയോടെ ഡല്‍ഹിയില്‍ എത്തിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നല്‍കിയ ഉറപ്പ് ഹൈക്കോടതി രേഖപ്പെടുത്തി.
Read Also : രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം; 50000 മെട്രിക് ടണ്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം
ഓക്‌സിജന്‍ ലഭ്യമാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന സമീപനത്തില്‍ ഞെട്ടലെന്ന് ജസ്റ്റിസ് വിപിന്‍ സാംഘി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി കാണുന്നില്ല. കേന്ദ്രം പൗരന്മാരുടെ ജീവിക്കാനുള്ള മൗലികാവകാശം സംരക്ഷിക്കണം.
ഓക്‌സിജന്‍ ക്ഷാമം കാരണം ജനങ്ങള്‍ മരിക്കുന്നത് കാണാനാകില്ല. മനുഷ്യ ജീവനുകള്‍ സര്‍ക്കാരിന് വിഷയമല്ലേയെന്നും ഡല്‍ഹി ഹൈക്കോടതി ചോദിച്ചു. കഴിയുമെങ്കില്‍ വ്യവസായ മേഖലയിലെ മുഴുവന്‍ ഓക്‌സിജനും മെഡിക്കല്‍ ആവശ്യത്തിന് വകമാറ്റണം. പ്ലാന്റുകളില്‍ നിന്ന് ഓക്‌സിജന്‍ ആശുപത്രികളില്‍ എത്തിക്കാന്‍ പ്രത്യേക ഇടനാഴി തുറക്കാവുന്നതാണ്. അല്ലെങ്കില്‍ എയര്‍ ലിഫ്റ്റ് ചെയ്യണം.
സ്വന്തമായി ഓക്‌സിജന്‍ പ്ലാന്റുകള്‍ ഉള്ള വ്യവസായശാലകള്‍ മുന്നോട്ടുവരണം. ടാറ്റ സ്റ്റീല്‍സ് സന്നദ്ധരാണ്. ടാറ്റയ്ക്ക് ആകാമെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്തുകൊണ്ട് ആയിക്കൂടായെന്നും കോടതി ആരാഞ്ഞു. സ്വകാര്യ ആശുപത്രി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് വാദം തുടരും.
Story highlights: delhi high court, oxygen shortage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here