സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആയി എന്‍.വി. രമണ ഇന്ന് ചുമതലയേല്‍ക്കും

NV Ramana Appointed Next Chief Justice Of India

രാജ്യത്തെ 48ആം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി. രമണ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാവിലെ പതിനൊന്നിന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. കൊവിഡ് തീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകള്‍.

കൊവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം അതീവ ആശങ്കയില്‍ നില്‍ക്കുന്ന സമയത്താണ് എന്‍.വി. രമണ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നത്. കൊവിഡ് പ്രതിസന്ധിയില്‍ സുപ്രിംകോടതി സ്വമേധയാ എടുത്ത കേസ് ചൊവ്വാഴ്ച എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് തന്നെ പരിഗണിക്കാനാണ് സാധ്യത. അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ മാത്രം പരിഗണിക്കാന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ സുപ്രിംകോടതിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനം രമണയ്ക്ക് മുന്നിലുള്ള മുഖ്യ വെല്ലുവിളിയാണ്.

എസ്.എ. ബോബ്ഡെയുടെ കാലയളവില്‍ ഒരു സുപ്രിംകോടതി ജഡ്ജിയെ പോലും നിയമിച്ചിരുന്നില്ല. പരമോന്നത കോടതിയിലെ ഒഴിവുകള്‍ നികത്താന്‍ രമണ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. വനിതാ ജഡ്ജിമാരെ നിയമിക്കുമോയെന്നതും നിയമവൃത്തങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്. ആന്ധ്ര ഹൈക്കോടതിയില്‍ നിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ ജഡ്ജിയാണ് എന്‍.വി. രമണ. അടുത്ത വര്‍ഷം ഓഗസ്റ്റ് 26 വരെയാണ് രമണയുടെ ജുഡീഷ്യല്‍ സര്‍വീസ് കാലാവധി.

Story highlights: n v ramana, supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top