വാംഖഡെയിൽ സർ ജഡേജ അവതരിച്ചു; ബാംഗ്ലൂരിനെതിരെ ചെന്നൈക്ക് (ജഡേജയ്ക്ക്) കൂറ്റൻ ജയം

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് കൂറ്റൻ ജയം. 69 റൺസിനാണ് ടേബിൾ ടോപ്പർമാരെ ചെന്നെ കെട്ടുകെട്ടിച്ചത്. ചെന്നൈ മുന്നോട്ടുവച്ച 192 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബാംഗ്ലൂരിന് 9 വിക്കറ്റ് നഷ്ടത്തിൽ 122 റൺസെടുക്കാനേ സാധിച്ചുള്ളൂ. തുടർച്ചയായി 4 മത്സരങ്ങൾ വിജയിച്ച് ഒന്നാം സ്ഥാനത്തായിരുന്നു ബാംഗ്ലൂരിൻ്റെ ആദ്യ തോൽവിയാണ് ഇത്. ജയത്തോടെ ചെന്നൈ ബാംഗ്ലൂരിനെ മറികടന്ന് പോയിൻ്റ് ടേബിളിൽ ഒന്നാമതെത്തി.
ദേവ്ദത്ത് പടിക്കൽ (34) ആണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. മാക്സ്‌വൽ 22 റൺസെടുത്തു. ആകെ നാല് താരങ്ങൾക്കേ ബാംഗ്ലൂർ നിരയിൽ രണ്ടക്കം കടക്കാനായുള്ളൂ. ചെന്നൈക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒപ്പം ഡാനിയൽ ക്രിസ്ത്യനെ റണ്ണൗട്ടാക്കുകയും ചെയ്തു. ബാറ്റിംഗിൽ 28 പന്തിൽ 62 റൺസെടുത്ത് തകർപ്പൻ പ്രകടനം കാഴ്ചവച്ച ജഡേജയാണ് കളിയിലെ താരം.
വിസ്ഫോടനാത്മക തുടക്കമാണ് ബാംഗ്ലൂരിന് കോലിയും ദേവ്ദത്തും ചേർന്ന് നൽകിയത്. ദേവ്ദത്ത് ആയിരുന്നു കൂടുതൽ അപകടകാരി. ഇന്നിംഗ്സിലെ ഒന്നാം പന്ത് മുതൽ ബൗണ്ടറി ക്ലിയർ ചെയ്ത ബൗണ്ടറിയടിച്ചു തുടങ്ങിയ ദേവ്ദത്ത് കോലിയെ ഒരറ്റത്തു നിർത്തി കത്തിക്കയറി. 10, 18, 16 എന്നിങ്ങനെയാണ് യഥാക്രമം ആദ്യ മൂന്ന് ഓവറുകളിൽ ബാംഗ്ലൂർ സ്കോർ ചെയ്തത്. 3 ഓവറിൽ 44 എന്ന നിലയിലായിരുന്ന ബാംഗ്ലൂരിന് നാലാം ഓവറിലെ ആദ്യ പന്തിൽ കോലിയെ (8) നഷ്ടമായി. സാം കറനായിരുന്നു വിക്കറ്റ്. അടുത്ത ഓവറിൽ ദേവ്ദത്തും മടങ്ങി. ശർദ്ദുൽ താക്കൂറിൻ്റെ പന്തിൽ ദേവ്ദത്ത് കൂടി മടങ്ങിയതോടെ ആർസിബി തകർന്നു. പിന്നീട് വിക്കറ്റുകളുടെ ഘോഷയാത്ര ആയിരുന്നു. മൂന്നാം നമ്പറിലെത്തിയ വാഷിംഗ്ടൺ (7), നേരിട്ട ആദ്യ രണ്ട് പന്തുകളിൽ ബൗണ്ടറിയടിച്ച് തുടങ്ങിയ മാക്സ്‌വൽ (22), എബി ഡിവില്ല്യേഴ്സ് (4) എന്നിവർ ജഡേജയുടെ ഇരകളായി മടങ്ങി. ഡാനിയൽ ക്രിസ്ത്യനെ ജഡേജ നേരിട്ടുള്ള ത്രോയിലൂടെ റണ്ണൗട്ടാക്കി.
ഹർഷൽ പട്ടേൽ (0), നവദീപ് സെയ്നി (2) എന്നിവരെ ഇമ്രാൻ താഹിർ വീഴ്ത്തി. കയിൽ ജെമീസൺ (16) ഇമ്രാൻ താഹിറിൻ്റെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായി. മുഹമ്മദ് സിറാജ് (12), യുസ്‌വേന്ദ്ര ചഹാൽ (8) എന്നിവർ പുറത്താവാതെ നിന്നു.
Story highlights: csk won against rcb
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here