കൊടകരയിൽ വ്യാജ അപകടം ഉണ്ടാക്കി പണം കവർന്ന കേസ്: 10 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു

kodakara robbery police identified

കൊടകരയിൽ വ്യാജ അപകടം ഉണ്ടാക്കി പണം തട്ടിയ കേസിൽ 10 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെയും നിയോ​ഗിച്ചു. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

പ്രതികൾ 5 പേർ തൃശൂർ ജില്ലക്കാരും, മറ്റുള്ളവർ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരുമാണ്. പ്രതികൾ ഉപയോ​ഗിച്ചിരുന്ന സ്വിഫ്റ്റ് കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. വസ്തു കച്ചവടവുമായി ബന്ധപ്പെട്ട് കൊണ്ടുപോവുകയായിരുന്ന 25 ലക്ഷം രൂപ ഏപ്രിൽ മൂന്നിന് പുലർച്ചെ ദേശീയ പാതയിൽ കൊടകരയിൽ വച്ച് കൃത്രിമ വാഹനാപകടം ഉണ്ടാക്കി പണം തട്ടിയെടുത്തു എന്നാണ് കേസ്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരു ദേശീയ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്ന മൂന്നരക്കോടി രൂപ‌യോളം കവർന്നതാണെന്ന് കണ്ടെത്തി

സംഭവത്തിൽ ബിജെപിയിലെ ഉന്നതർക്ക് പങ്കുണ്ടെന്നും അന്വേഷണം വേണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. കൊള്ളയടിക്കപ്പെട്ടത് ബിജെപിക്ക് തിരഞ്ഞെടുപ്പാവശ്യത്തിന് കൊണ്ടുവന്ന കുഴൽപണം ആണെന്നും കള്ളപ്പണം ഒഴുക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടന്ന ശ്രമം തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ആവശ്യപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്ത് കള്ളപ്പണം ഒഴുക്കിയെന്ന സിപിഐഎം ആരോപണം നിഷേധിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പിൽ കള്ളപ്പണമോ കുഴൽപ്പണമോ ബിജെപി ഒഴുക്കിയിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം നടന്നോട്ടെയെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

Story highlights: kodakara robbery police identified 10 accused

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top