കരാർ നൽകിയതിൽ പ്രവർത്തനക്ഷമമായത് വളരെ കുറവ്; ഓക്സിജൻ ക്ഷാമത്തിൽ കേന്ദ്രത്തിനുണ്ടായത് കനത്ത വീഴ്ച

രാജ്യത്തെ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് ഉണ്ടായത് കനത്ത വീഴ്ച. കഴിഞ്ഞ വർഷം സ്ഥാപിക്കാൻ കരാർ കൊടുത്ത 162 ഓക്സിജൻ പ്ലാന്റുകൾ സമയ ബന്ധിതമായി പ്രവർത്തനക്ഷമമാക്കുന്നതിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചത് വലിയ അനാസ്ഥയാണ്. വളരെ കുറച്ച് ഓക്സിജൻ പ്ലാന്റുകൾ മാത്രം ആണ് ഇതുവരെ പ്രവർത്തനസജ്ജമായിട്ടുള്ളത്. ഈ വീഴ്ച മറച്ചുവച്ച് മുഖംമിനുക്കൽ ശ്രമങ്ങളുടെ ഭാഗമായ് 551 പ്ലാൻ്റുകൾകൂടി അടിയന്തരമായി സ്ഥാപിക്കുമെന്നാണ് ഇപ്പോൾ സർക്കാരിന്റെ പ്രഖ്യാപനം.
2020 മാർച്ച് 14നാണ് ഇന്ത്യ കൊവിഡിനെ ദുരന്തമായി പ്രഖ്യാപിച്ചത്. തുടക്കത്തിൽ തന്നെ മഹാമാരിയെ പ്രതിരോധിക്കാൻ അടിയന്തിരമായി വേണ്ടത് ഓക്സിജനാണെന്ന് വ്യക്തമായിരുന്നു. എന്നിട്ടും ഓക്സിജൻ പ്ലാൻ്റുകൾ സ്ഥാപിക്കാനുള്ള പ്രാരംഭനടപടികൾക്ക് സർക്കാർ തുടക്കമിട്ടത് എട്ട് മാസങ്ങൾക്കു ശേഷം. 162 ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ രാജ്യത്തിൻ്റെ വിവിധ ജില്ലാ ആശുപത്രികളിൽ സ്ഥാപിക്കാൻ ലേലത്തിന് ക്ഷണിച്ചത് ഒക്ടോബറിലാണ്. വെറും 201.58 കോടി രൂപയാണ് ഈ പ്ലാൻ്റുകൾ സ്ഥാപിക്കാൻ വേണ്ടിവരുന്ന തുക.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള സെൻട്രൽ മെഡിക്കൽ സർവീസ് സൊസൈറ്റിയാണ് വിവിധ കമ്പനികൾക്ക് കരാർ നൽകിയത്. ഫണ്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്ലാൻ്റ് സ്ഥാപിക്കൽ നടപടികൾ സർക്കാർ താമസിപ്പിച്ചത്. എന്നാൽ അതേ കാലയളവിൽ, 2020 ജൂണിനുള്ളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൽക്കായി പിഎം കെയേഴ്സ് ഫണ്ടിൽ സംഭാവനയായി എത്തിയത് 3000 കോടി രൂപ. പ്ലാൻ്റുകൾ സ്ഥാപിക്കാൻ വിവിധ കമ്പനികൾക്ക് കരാർ നൽകിയെങ്കിലും ഇതുവരെ സ്ഥാപിച്ചത് 33 എണ്ണം മാത്രമാണ്. മറ്റിടങ്ങളിൽ കമ്പനികൾ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു.
ഓക്സിജൻ അഭാവത്തിൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ട് ഇപ്പോൾ വാർത്തയിൽ ഇടംനേടിയ ഭൂരിഭാഗം ആശുപത്രികളും സർക്കാറിൻ്റെ ഈ ഓക്സിജൻ പ്ലാൻ്റുകൾക്ക് വേണ്ടി അടിസ്ഥാന സൗകര്യം ഒരുക്കി കാത്തിരിക്കുന്നവയായിരുന്നു എന്നതാണ് ഇതിലെ പ്രധാന വസ്തുത. ഈ പ്ലാൻ്റുകൾ പ്രവർത്തന ക്ഷമമായിരുന്നെങ്കിൽ പ്രതിദിനം 4500 മെട്രിക് ടൺ ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയുമായിരുന്നു. കഴിഞ്ഞ വർഷം സ്ഥാപിക്കാൻ ടെൻഡർ കൊടുത്ത 162 പ്ലാൻ്റുകളുടെ അവസ്ഥ പരിശോധിക്കാതെ രണ്ടാം തരംഗത്തിലും 551പ്ലാൻ്റുകൾ കൂടി സ്ഥാപിക്കുമെന്ന പ്രഖ്യാപനമാണ് ഇപ്പോൾ പ്രധാനമന്തി നടത്തിയിരിക്കുന്നത്
Story highlights: oxygen shortage center did severe error
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here