എറണാകുളത്ത് കൊവിഡ് രോഗികൾക്കുള്ള മെഡിക്കൽ ഓക്സിജന്റെ ഉത്പാദനം വർധിപ്പിക്കുന്നു

എറണാകുളം ജില്ലയിൽ കോവിഡ് രോഗികൾക്കുള്ള മെഡിക്കൽ ഓക്സിജൻ്റെ ഉത്പാദനം വർധിപ്പിക്കുന്നു. രോഗികളുടെ എണ്ണം വർധിച്ചാൽ കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഓക്സിജൻ ഉത്പാദനം വർധിപ്പിക്കാൻ തീരുമാനിച്ചത്. ജില്ലാ കളക്ടർ എസ് സുഹാസിൻ്റ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ഇതിനായി ബിപിസിഎല്ലിൽ നിന്നും ഉല്പാദിപ്പിക്കുന്ന ഓക്സിജൻ മൂന്ന് ടണ്ണാക്കി ഉയർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ രണ്ട് ടണ്ണാണ് ബിപിസിഎല്ലിൻ്റ ഉത്പാദനം. പുതിയ പ്ലാൻ്റുകളിൽ നിന്നുള്ള ഓക്സിജൻ ഉത്പാദനം ഒരാഴ്ചക്കുള്ളിൽ ആരംഭിക്കും. കൂടാതെ ഫോർട്ടുകൊച്ചി, തൃപ്പൂണിത്തുറ, പള്ളൂരുത്തി താലൂക്ക് ആശുപത്രികളിലും മുവാറ്റുപുഴ ജനറൽ ആശുപത്രിയിലും പുതിയതായി നാല് പ്ലാന്റുകളും സ്ഥാപിക്കും.
അതേസമയം, രാജ്യത്തെ സർക്കാർ ആശുപത്രികളിൽ 551 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കാൻ തീരുമാനമായിരുന്നു. പിഎം കെയർ ഫണ്ടിൽ നിന്നാകും ഇതിന് പണം കണ്ടെത്തുക. ആശുപത്രികളിൽ ഒക്സിജൻ ലഭ്യത വർധിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ നിർദ്ദേശം അനുസരിച്ചാണ് നടപടി. പ്ലാന്റുകൾ എത്രയും വേഗം പ്രവർത്തനം ആരംഭിക്കാൻ പ്രധാന മന്ത്രി നിർദ്ദേശം നൽകിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളിൽ ഉള്ള ആശുപത്രികളിൽ ആകും പ്ലാന്റുകൾ സ്ഥാപിക്കുക.
രാജ്യത്തെ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് ഉണ്ടായത് കനത്ത വീഴ്ചയാണ്. കഴിഞ്ഞ വർഷം സ്ഥാപിക്കാൻ കരാർ കൊടുത്ത 162 ഓക്സിജൻ പ്ലാന്റുകൾ സമയ ബന്ധിതമായി പ്രവർത്തനക്ഷമമാക്കുന്നതിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചത് വലിയ അനാസ്ഥയാണ്. വളരെ കുറച്ച് ഓക്സിജൻ പ്ലാന്റുകൾ മാത്രം ആണ് ഇതുവരെ പ്രവർത്തനസജ്ജമായിട്ടുള്ളത്. ഈ വീഴ്ച മറച്ചുവച്ച് മുഖംമിനുക്കൽ ശ്രമങ്ങളുടെ ഭാഗമായ് 551 പ്ലാൻ്റുകൾകൂടി അടിയന്തരമായി സ്ഥാപിക്കുമെന്നാണ് ഇപ്പോൾ സർക്കാരിന്റെ പ്രഖ്യാപനം.
Story highlights: Increases production of medical oxygen for covid patients in Ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here