വിദേശ താരങ്ങളില്ല; മറ്റ് ടീമുകളോട് താരങ്ങളെ വായ്പ ചോദിച്ച് രാജസ്ഥാൻ റോയൽസ്

Rajasthan Royals players loan

വിദേശ താരങ്ങളിൽ പലരും നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തിൽ മറ്റ് ടീമുകളോട് താരങ്ങളെ വായ്പ ചോദിച്ച് രാജസ്ഥാൻ റോയൽസ്. ഒരു വിദേശ ബാക്കപ്പ് താരം പോലും ഇല്ലാതെയാണ് നിലവിൽ രാജസ്ഥാൻ കളിക്കുന്നത്. ഒരാൾക്ക് പരുക്കേറ്റാൽ പകരം കളിപ്പിക്കാൻ പോലും താരങ്ങൾ ടീമിൽ ഇല്ല. ഈ പ്രതിസന്ധി മറികടക്കാനാണ് രാജസ്ഥാൻ വായ്പാടിസ്ഥാനത്തിൽ കളിക്കാരെ കിട്ടുമോ എന്ന് ശ്രമിക്കുന്നത്.

“കുറച്ച് ദിവസങ്ങൾക്കു മുൻപ് അവർ അഭ്യർത്ഥനയുമായി എത്തിയിരുന്നു. ഇതുവരെ ഞങ്ങളൊരു തീരുമാനം എടുത്തിട്ടില്ല. ടീം മാനേജ്മെൻ്റ് തീരുമാനം എടുക്കും.”- ഒരു ദക്ഷിണേന്ത്യൻ ക്ലബിൻ്റെ സിഇഓ പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മറ്റ് പല ടീമുകളെയും രാജസ്ഥാൻ റോയൽസ് സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.

ഇന്ന് മുതലാണ് ഐപിഎലിലെ മിഡ് സീസൺ ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചത്. കഴിഞ്ഞ രണ്ട് സീസണിലും ഈ വിൻഡോ ഒരു ടീമും ഉപയോഗിച്ചിട്ടില്ല. സീസണിൽ ഇതുവരെ രണ്ട് മത്സരങ്ങളിൽ അധികം കളിക്കാത്ത താരങ്ങളെ ടീമുകൾക്ക് വായ്പയിൽ അയക്കാം.

വിവിധ ടീമുകളിൽ നിന്നുള്ള താരങ്ങൾ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. രാജസ്ഥാൻ റോയൽസാണ് ഏറ്റവുമധികം പ്രതിസന്ധി അനുഭവിക്കുന്ന ടീം. ജോഫ്ര ആർച്ചർ സർജറി കഴിഞ്ഞതിനെ തുടർന്ന് സീസൺ ആരംഭിക്കുന്നതിനു മുൻപ് തന്നെ വിശ്രമത്തിലായിരുന്നു. ആദ്യ കളിയിൽ പരുക്കേറ്റതിനെ തുടർന്ന് ബെൻ സ്റ്റോക്സ് പിന്നീട് മടങ്ങി. ബയോ ബബിളിലെ ജീവിതം ദുഷ്കരമാണെന്ന് ചൂണ്ടിക്കാട്ടി ലിയാം ലിവിങ്സ്റ്റണും ആന്ദ്രൂ തൈയും പിന്നീട് നാട്ടിലേക്ക് മടങ്ങി. ബാക്കപ്പ് ഓപ്ഷനായി ഇനി ഒരു വിദേശ താരം പോലും ടീമിലില്ല. ജോസ് ബട്‌ലർ, ഡേവിഡ് മില്ലർ, മുസ്തഫിസുർ റഹ്മാൻ, ക്രിസ് മോറിസ് എന്നിവർ മാത്രമാണ് നിലവിൽ രാജസ്ഥാൻ റോയൽസിലുള്ള വിദേശ താരങ്ങൾ.

Story highlights: Rajasthan Royals request overseas players on loan from other franchises

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top