Advertisement

കൊടകര കുഴൽപ്പണ കവർച്ചാ കേസ്: അഞ്ച് പ്രതികൾക്കായി ലുക്കൗട്ട് നോട്ടിസ്

April 29, 2021
Google News 1 minute Read

കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ 5 പ്രതികൾക്കായി പൊലീസിന്റെ ലുക്കൗട്ട് നോട്ടിസ്. കേസിലെ പ്രധാന പ്രതികളായ മുഹമ്മദ് അലി, രഞ്ജിത്ത്, സുജേഷ് എന്നിവരുൾപ്പെടെ അഞ്ച് പേർക്കായാണ് പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.

കുഴൽപ്പണം തട്ടാൻ നിയോഗിക്കപ്പെട്ട ഗുണ്ടാസംഘത്തെ ഏകോപിപ്പിച്ചയാളാണ് ഒന്നാം പ്രതി മുഹമ്മദ് അലി. ഇതിനായി സഹായം നൽകിയവരാണ് രഞ്ജിത്തും സുജേഷും. എഡ്വിൻ പിടിച്ചുപറി സംഘത്തിലുണ്ടായിരുന്നയാളാണ്. കുഴൽപ്പണം കടന്നുപോകുന്ന വാഹനത്തിൽ
ഉണ്ടായിരുന്ന അബ്ദുൾ റഷീദിനായും പൊലീസ് അന്വേഷണം തുടരുകയാണ്. ഇയാളാണ് പിടിച്ചുപറി സംഘത്തിന് വേണ്ട വിവരങ്ങൾ ചോർത്തി നൽകിയത്. പണം കൊടുത്തുവിട്ടുവെന്ന്
കരുതുന്ന ധർമ്മരാജനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ധർമ്മരാജന്റെ കാറിലായിരുന്നു പണം കടത്തിയിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന് പരാതി നൽകിയ
ഷംജീർ ധർമ്മരാജന്റെ ഡ്രൈവറാണ്. കേസിലെ ഒമ്പതാംപ്രതി ബാബുവിന്റെ കൊടുങ്ങല്ലൂരിലെ വീട്ടിൽ നിന്നും 23 ലക്ഷത്തി 34000 രൂപയും കേരള ബാങ്കിൽ തിരിച്ചടച്ച ലോൺ തുകയായ
ആറ് ലക്ഷം രൂപയും രസീതിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എഫ്‌ഐആറിൽ പറയുന്ന തുകയേക്കാൾ ഏറെ പണം കാറിലുണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് ഇതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ആദ്യ മൂന്ന് പ്രതികളെ പിടികൂടിയാൽ കേസിലെ രാഷ്ട്രീയ ബന്ധമടക്കം വ്യക്തമാകുമെന്നാണ് പൊലീസിന്റ കണക്കുകൂട്ടൽ.

അതേസമയം പൊലീസും പ്രതികളും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നതിന്റെ തെളിവുകൾ കൂടി പുറത്തുവന്നിരിക്കുകയാണ്. ഇരിങ്ങാലക്കുട സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൂടി എസ് പി സസ്‌പെൻഡ് ചെയ്തു. വൈശാഖ് രാജൻ എന്ന പൊലീസുകാരനെയാണ് സസ്‌പെൻഡ് ചെയ്തത്. കുഴൽപ്പണ കേസിലെ പ്രതി മാർട്ടിനിൽ നിന്ന് കഞ്ചാവ് കടത്ത് കേസ് അട്ടിമറിക്കാൻ 30,000 രൂപ കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. നേരത്തെ സമാനമായ കേസിൽ ഇതേ സ്റ്റേഷനിലെ
പൊലീസ് ഉദ്യോഗസ്ഥനായ വിപിൻലാലിനെ സസ്‌പെൻഡ് ചെയ്തിരുന്നു. കേസിലെ പ്രതികളെ പിടികൂടിയ ശേഷം ധർമ്മരാജനെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇയാൾക്ക് ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ട് എന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Story highlights: kodakara hawala money case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here