പ്രതികള്‍ക്ക് എതിരെ തെളിവ് എവിടെ?; സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിനോട് കോടതി

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കോടതിയുടെ വിമര്‍ശനം. പ്രതികള്‍ക്കെതിരെ തെളിവെവിടെയെന്ന് ഇഡിയോട് കോടതി ചോദിച്ചു. പ്രതികളുടെ കുറ്റസമ്മത മൊഴികളല്ലാതെ മറ്റ് തെളിവുകളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 20 തവണ സ്വര്‍ണം കടത്തിയെന്ന ആരോപണത്തിലും തെളിവില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സരിത്ത്, സന്ദീപ് എന്നി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം. പ്രതികള്‍ക്കെതിരെ തെളിവെവിടെ എന്നായിരുന്നു കോടതിയുടെ ചോദ്യം. കേസിലെ രണ്ടും നാലും പ്രതികളായ സ്വപ്ന സുരേഷിനും ശിവശങ്കറിനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കുറ്റകൃത്യത്തില്‍ സമാന പങ്കാളിത്തമുള്ള സരിത്തിനും സന്ദീപിനും ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ചുമതല വഹിക്കുന്ന അഡി. സെഷന്‍സ് ജഡ്ജി ഡി. സുരേഷ് കുമാറിന്റെ വിധിയില്‍ പറയുന്നു.
സരിത്തും, സന്ദീപും മുഖ്യ സൂത്രധാരന്‍മാരാണെന്ന ഇ ഡി യുടെ വാദത്തിനും തെളിവില്ലെന്ന് കോടതിയുടെ ഉത്തരവില്‍ പരാമര്‍ശിച്ചു. കേസിന്റെ അന്വേഷണം ഏറെക്കുറേ പൂര്‍ത്തിയായി. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ സാധ്യതയില്ല. കൊവിഡ് സാഹചര്യത്തില്‍ ഇവര്‍ ജയിലില്‍ തുടരേണ്ടതില്ലെന്നും കോടതി ചൂണ്ടികാട്ടി. ജനാധിപത്യരാജ്യമെന്ന നിലയില്‍ എല്ലാവരും നിയമത്തിന് മുന്നില്‍ തുല്യരാണ്. പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കാന്‍ മതിയായ കാരണമില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
Story highlights: sarith, sandeep nair, enforcement directorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here