കേരളത്തിലെ ബിജെപിയുടെ പ്രകടനം; അതൃപ്തി അറിയിച്ച് പാർട്ടി കേന്ദ്ര നേതൃത്വം

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനത്തിൽ അതൃപ്തി അറിയിച്ച് പാർട്ടി കേന്ദ്ര നേതൃത്വം. പരാജയത്തിൻ്റെ കാരണങ്ങൾ പ്രവർത്തകരെ ബോധ്യപ്പെടുത്തണം. ഇല്ലെങ്കിൽ അവരുടെ മനോവീര്യം തകരുമെന്നും കോർ കമ്മിറ്റി യോഗത്തിൽ ദേശീയ നേതൃത്വം ചൂണ്ടിക്കാട്ടി. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ സുരേന്ദ്രൻ രംഗത്തെത്തി. ഇതിനിടെ, സംസ്ഥാന നേതൃത്വത്തിനെതിരെ ഇന്നും നിരവധി നേതാക്കൾ രൂക്ഷ വിമർശനമുന്നയിച്ചു.
ദക്ഷിണേന്ത്യയിൽ നിയമസഭാംഗങ്ങൾ ഇല്ലാത്ത ഏക സംസ്ഥാനമായി കേരളം മാറിയതാണ് കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചത്. പരാജയത്തിൻ്റെ കാരണങ്ങൾ പ്രവർത്തകരെ ബോധ്യപ്പെടുത്തണമെന്നും അവരുടെ മനോവീര്യം തകരരുതെന്നും കോർ കമ്മിറ്റി യോഗത്തിൽ ദേശീയ ഓർഗനൈസിങ് സെക്രട്ടറി ബിഎൽ സന്തോഷ് ചൂണ്ടിക്കാട്ടി. കെ സുരേന്ദ്രന്റെ രണ്ടിടത്തെ മത്സരവും, ഹെലികോപ്റ്റർ യാത്രയും, നാമനിർദ്ദേശക പത്രിക തള്ളിയതുമൊക്കെ വിമർശന വിധേയമായി. ഇതിനിടെ ബിജെപി ഔദ്യോഗിക വിഭാഗത്തിനെതിരെ വിമർശനവുമായി നിരവധി നേതാക്കൾ ഇന്നും രംഗത്തു വന്നു. അതേസമയം നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം തനിക്ക് തന്നെയെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. വോട്ട് കുറഞ്ഞത് പരിശോധിക്കുമെന്നും പരാജയ കാരണം കണ്ടെത്തി തിരുത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ബിജെപി സംസ്ഥാന ഭാരവാഹി യോഗം ഈ ആഴ്ച ചേരും. തെരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച് താഴെത്തട്ടിൽ നിന്നുള്ള വിവരങ്ങൾ യോഗം ചർച്ച ചെയ്യും. എൻഡിഎ നേതൃയോഗവും ഈ ആഴ്ച ചേരാനാണ് സാധ്യത.
Story Highlights- BJP’s performance in Kerala; central leadership expressed dissatisfaction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here