ഓക്‌സിജൻ പ്ലാന്റുകളുമായി യുകെയിൽനിന്ന് ഏറ്റവും വലിയ കാർഗോ വിമാനം ഇന്ത്യയിലെത്തും

കൊവിഡ് രൂക്ഷമാകുന്നതിനിടെ ഓക്‌സിജൻ പ്ലാന്റുകളുമായി യുകെയിൽ നിന്ന് ലോകത്തെ ഏറ്റവും വലിയ കാർഗോ വിമാനം ഇന്ത്യയിലേക്കെത്തും. 18 ടൺ ഓക്‌സിജൻ ഉത്പാദിപ്പിക്കുന്ന മൂന്ന് പ്ലാന്റുകളും 1000 വെന്റിലേറ്ററുകളുമാണ് ഇന്ത്യയിലെത്തുക. ഏറെ പ്രതിസന്ധികൾ നേരിടുന്ന കൊവിഡിന്റെ രണ്ടാം തരംഗത്തിനിടെയാണ് യുകെയുടെ സഹായം.
നോർത്തേൺ അയർലന്റിലെ ബെൽഫാസ്റ്റിൽ നിന്നാണ് ആന്റോനാവ് 124 കാർഗോ വിമാനം പുറപ്പെട്ടത്. ഞായറാഴ്ച രാവിലെയോടെ ഇന്ത്യയിലെത്തുമെന്നാണ് വിവരം. ഫോറിൻ കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസിന്റെ നേതൃത്വത്തിലാണ് ഓക്‌സിജൻ പ്ലാന്റുകൾ ഇന്ത്യയിലെത്തിക്കുന്നത്. റെഡ് ക്രോസിന്റെ സഹായത്തോടെ രാജ്യത്തെ വിവിധ ആശുപത്രികളിലേക്ക് കൈമാറും. ഓരോ ഓക്‌സിജൻ ജനറേറ്റർ യൂണിറ്റുകളിൽ നിന്നും മിനിറ്റിൽ 500 ലിറ്റർ ഓക്‌സിജൻ വരെ ഉത്പാദിപ്പിക്കാനാകും. ഇതുമൂലം ഒരു സമയം 50 പേരുടെ ജീവൻ രക്ഷിക്കാനാകും.
Read Also : ജീവന്‍രക്ഷാ ഉപകരണങ്ങളുമായി പറന്ന് എയര്‍ ഇന്ത്യ
‘ഇന്ത്യയിലുള്ള കൊവിഡ് രോഗികൾക്ക് ഇത് സഹായകമാകും. ഈ മഹാമാരിയെ തടയാൻ യുകെയും ഇന്ത്യയും ഒരുമിച്ച് പ്രവർത്തിക്കും’. യുകെ വിദേശ കാര്യ സെക്രട്ടറി ഡൊമനിക് റാബ് പറഞ്ഞു. ഏപ്രിലിൽ 200 വെന്റിലേറ്ററുകളും ഓക്‌സിജൻ കോൺസൻട്രേറ്ററുകളും യുകെ ഇന്ത്യക്ക് കൈമാറിയിരുന്നു. നിരവധി ലോകരാജ്യങ്ങളാണ് പ്രതിസന്ധി ഘട്ടത്തിൽ സഹായവുമായി എത്തുന്നത്.
Story Highlights: britain, india covid, oxygen supply
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here