ഭോപ്പാലിൽ 1000 പേർക്കുള്ള ക്വാറന്റീൻ സൗകര്യം; ബിഗ് സ്ക്രീനിൽ രാമായണവും മഹാഭാരതവും

മധ്യപ്രദേശിലെ ഭോപ്പാലിൽ 1000 പേർക്കുള്ള ക്വാറൻ്റീൻ സൗകര്യമൊരുക്കി ബിജെപി ഭോപ്പാൽ ഘടകം. മാധവ് സേവക് കേന്ദ്രവുമായി ചേർന്നാണ് ഭോപ്പാലിലെ മോട്ടിലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ക്വാറൻ്റീൻ കേന്ദ്രം ആരംഭിച്ചത്. ഇവിടെ 1000 രോഗികളെ ഒരേസമയം കിടത്തി ചികിത്സിക്കാൻ കഴിയും.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാനും ചേർന്നാണ് ഈ ക്വാറൻ്റീൻ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സെൻ്ററിലെ ബിഗ് സ്ക്രീനിൽ രാമായണം, മഹാഭാരതം പരമ്പരകൾ പ്രദർശിപ്പിക്കും. മഹാമൃത്യുഞ്ജയ മന്ത്രം, ഗായത്രീ മന്ത്രം തുടങ്ങിയവകൾ എപ്പോഴും ഇവിടെ കേൾപ്പിച്ചുകൊണ്ടിരിക്കും. ആവശ്യമുള്ളവർക്ക് യോഗ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മൊബൈൽ ചാർജിംഗ് പോയിൻ്റ്, വെള്ളം ചൂടാക്കാനുള്ള സൗകര്യം തുടങ്ങി മറ്റ് സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നുണ്ട്.
പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് കൊവിഡ് ചികിത്സ ഉറപ്പാക്കാനാണ് കേന്ദ്രം തുടങ്ങിയത്. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്ര ബോസ്, എപിജെ അബ്ദുൽ കലാം തുടങ്ങിയ മഹാരഥന്മാരുടെ പേരുകളിൽ പ്രത്യേകം വാർഡുകളായി തിരിച്ചാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ഓക്‌സിജൻ ആവശ്യമായി വരുന്ന രോഗികൾക്ക് അതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്
Story Highlights: 1000-bed quarantine centre with giant screen for Ramayana broadcast in Bhopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here