പാലക്കാട് പൊലീസിനൊപ്പം വാഹന പരിശോധനയുമായി സേവാ ഭാരതി; പ്രതികരണവുമായി ഷാഫി പറമ്പില്‍

പൊലീസിനൊപ്പം സേവാഭാരതിയുടെ യൂണിഫോം ധരിച്ച സന്നദ്ധ പ്രവർത്തകർ വാഹന പരിശോധന നടത്തിയത് വിവാദമായിരിക്കെ, പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും, പാലക്കാട് എംഎല്‍എയുമായ ഷാഫി പറമ്പില്‍ എത്തി.
പൊലീസ് ഈ കാര്യത്തിൽ ശ്രദ്ധ നൽകേണ്ടതായിരുന്നു. സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് വരുന്നവർ രാഷ്ട്രിയ പാർട്ടിയുടെ അടയാളങ്ങൾ ഒഴുവാക്കണമെന്നും പൊലീസിന് ഈ കാര്യത്തിൽ വീഴ്ച സംഭവിച്ചെന്നും ഷാഫി പറമ്പിൽ പറഞ്ഞു.വിഷയം ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും ഷാഫി അറിയിച്ചു.
അതേസമയം പൊലീസ് വിവിധ സന്നദ്ധ പ്രവർത്തകരുടെ സഹായം തേടിയിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകര്‍ ഉൾപ്പടെ സന്നദ്ധ സേവനത്തിന് എത്തിയിരുന്നു. സേവാഭാരതി പ്രവർത്തകർ എത്തിയത് സംഘടനയുടെ പേരെഴുതിയ യൂണിഫോം അണിഞ്ഞാണ്. ഇതാണ് വിവാദമായത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു. സേവനപ്രവർത്തനങ്ങൾക്ക് ഒരു സംഘടനയുടെയും യൂണിഫോം ഉപയോഗിക്കരുത് എന്ന ചട്ടം മറികടന്നു എന്നതാണ് ഇപ്പോൾ ഉയരുന്ന വാദം.
രാഷ്ട്രീയ പിന്തുണ പ്രദർശിപ്പിച്ച് ഇതിൽ പ്രവർത്തിക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ഒരു സന്നദ്ധ സംഘടനയ്ക്കും ഔദ്യോഗിക സംവിധാനത്തിനൊപ്പം നിന്ന് പരിശോധിക്കാൻ അനുവാദം ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സന്നദ്ധ സംഘടനകൾ ഒരുപാടുണ്ട്. എന്നാൽ സർക്കാർ തന്നെ സന്നദ്ധ സേനയെ രൂപീകരിച്ചിട്ടുണ്ട്. അവർക്കാണ് ഇത്തരത്തിൽ ഇടപെടാൻ അനുമതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here