ഇന്ത്യയിൽ ഐപിഎൽ നടത്തില്ലെന്ന് സൗരവ് ഗാംഗുലി

ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങൾ ഇന്ത്യയിൽ നടത്തില്ലെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ഇന്ത്യയിൽ ഐപിഎൽ നടത്തണമെങ്കിൽ രാജ്യത്ത് ഒരു കേസ് പോലും ഇല്ലാതാവണം. സ്പോർട്സ്റ്റാറിനു നൽകിയ അഭിമുഖത്തിലാണ് സൗരബ് ഗാംഗുലിയുടെ പ്രതികരണം. താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും കൊവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഐപിഎൽ പാതിവഴിക്ക് നിർത്തിവച്ചത്.
ആകെ 60 മത്സരങ്ങളിൽ 29 എണ്ണം മാത്രമാണ് പൂർത്തിയാക്കാനായത്. 31 മത്സരങ്ങൾ ഇനിയും നടത്താനുണ്ട്. ഈ മത്സരങ്ങൾ ഇന്ത്യയിൽ നടത്തില്ലെന്നാണ് ഗാംഗുലി അറിയിച്ചത്. കൊവിഡ് കേസുകൾ നിലനിൽക്കുന്ന പല രാജ്യങ്ങളിലും ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യയിൽ ആഭ്യന്തര മത്സരങ്ങളും നടത്തി. എന്നാൽ, ഇനി ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കണമെങ്കിൽ ക്വാറൻ്റീൻ സൗകര്യങ്ങൾ അടക്കം ആദ്യം മുതൽ ചെയ്യേണ്ടിവരുമെന്നും ഗാംഗുലി പറഞ്ഞു.
ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിന് അയക്കുക ബി ടീമിനെയാണെന്നും ഗാംഗുലി അറിയിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനു സമാന്തരമായി ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ അയക്കുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ. മുൻനിര താരങ്ങളെല്ലാം ഇംഗ്ലണ്ടിലായിരിക്കുമ്പോൾ ശ്രീലങ്കയിലേക്ക് മറ്റൊരു സംഘത്തെ അയക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ള യുവതാരങ്ങൾക്ക് അവസരം ലഭിച്ചേക്കും.
മൂന്ന് ഏകദിനങ്ങളും അഞ്ച് ടി-20കളുമാണ് ശ്രീലങ്കയിൽ ഇന്ത്യ കളിക്കുക. ജൂലായ് മാസത്തിൽ ഇന്ത്യ മറ്റ് ഏകദിന മത്സരങ്ങളൊന്നും കളിക്കുന്നില്ല. അതുകൊണ്ട് തന്നെ, ഏകദിന ടി-20 സ്പെഷ്യലിസ്റ്റ് താരങ്ങളെയാവും ശ്രീലങ്കയിലേക്ക് അയക്കുക.
Story Highlights: Sourav Ganguly says IPL will not be held in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here