18
Jun 2021
Friday

‘കരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളി’

‘കരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളി’, ഗൗരിയമ്മയെ കുറിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ കവിതയിലെ വരിയാണിത്. തെറ്റെന്നു തോന്നുന്ന എന്തിനോടും കലഹിച്ചും, പ്രതിസന്ധി ഘട്ടങ്ങളില്‍ തളരാതെയുമുള്ള ഗൗരിയമ്മയുടെ ജീവിതം എന്താണോ അതാണ് ചുള്ളിക്കാട് വരികളിലൂടെ അടയാളപ്പെടുത്തിയത്.

1994 ല്‍ ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട് ‘ഗൗരി’ എന്ന കവിത എഴുതുന്നത്. 1995ലായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഗൗരിയുടെ പിറവി. പ്രിയ സഖാവിനെതിരായ പാര്‍ട്ടി നടപടിയെ കവിതയിലുടനീളം ബാലചന്ദ്രന്‍ ചുള്ളിക്കാട് വിമര്‍ശിക്കുന്നുണ്ട്. പണ്ട് ഗൗരിയമ്മയുണ്ടെന്ന് പറഞ്ഞാല്‍ കുട്ടികള്‍ക്ക് ധൈര്യമായിരുന്നുവെന്നാണ് ചുള്ളിക്കാട് പറഞ്ഞുവയ്ക്കുന്നത്.

വിപ്ലവത്തെ നെഞ്ചിലേറ്റി രാഷ്ട്രീയത്തോട് ഇത്രയധികം കലഹിച്ച ഒരു വനിതാ നേതാവ് കേരളത്തില്‍ ഉണ്ടോ എന്നത് സംശയമാണ്. ആദര്‍ശ ബോധങ്ങളെ ചേര്‍ത്തുപിടിച്ച് വ്യക്തി ജീവിതത്തോട് വിട്ടുവീഴ്ച ചെയ്ത നേതാവായിരുന്നു ഗൗരിയമ്മ. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് അവര്‍ മധുരപ്രതികാരം നടത്തി. തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും സ്ത്രീകളുടെ ഉന്നമനത്തില്‍ മുന്നില്‍ നിന്ന പോരാളിയായിരുന്നു കെ. ആര്‍ ഗൗരി. ഒരു ചിതയായി ഗൗരിയമ്മ എരിഞ്ഞമരുമ്പോള്‍ കേരള രാഷ്ട്രീയത്തിലെ ഒരേട് കൂടിയാണ് ഇല്ലാതാകുന്നത്.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതയുടെ പൂര്‍ണരൂപം

ഗൗരി

കരയാത്ത ഗൗരി, തളരാത്ത ഗൗരി
കലികൊണ്ടുനിന്നാല്‍ അവള്‍ ഭദ്രകാളീ..
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാറ്റിവന്നു.

നെറിവറ്റ ലോകം കനിവറ്റ കാലം
പടകാളിയമ്മേ കരയിച്ചു നിന്നെ.
ഫലിതത്തിനിന്നും തിരുമേനി നല്ലൂ
കലഹത്തിനെന്നും അടിയാത്തി പോരും.

ഗുരുവാക്യമെല്ലാം ലഘുവാക്യമായി
ഗുരുവിന്റെ ദുഖം ധ്വനികാവ്യമായി
അതുകേട്ടു നമ്മള്‍ ചരിതാര്‍ത്ഥരായി
അതുവിറ്റു പലരും പണമേറെ നേടി.

അതിബുദ്ധിമാന്‍മാര്‍ അധികാരമേറി
തൊഴിലാളി വര്‍ഗ്ഗം അധികാരമേറ്റാല്‍
അവരായി പിന്നേ അധികാരിവര്‍ഗ്ഗം
അധികാരമപ്പോള്‍ തൊഴിലായി മാറും
അതിനുള്ള കൂലി അധികാരി വാങ്ങും

വിജയിക്കു പിന്‍പേ കുതികൊള്‍വു ലോകം
വിജയിക്കു മുന്‍പില്‍ വിരിയുന്നു കാലം
മനുജന്നുമീതെ മുതലെന്ന സത്യം
മുതലിന്നുമീതെ അധികാര ശക്തി.

അധികാരമേറാന്‍ തൊഴിലാളിമാര്‍ഗ്ഗം
തൊഴിലാളിയെന്നും തൊഴിലാളി മാത്രം
അറിയേണ്ട ബുദ്ധി അറിയാതെപോയാല്‍
ഇനി ഗൗരിയമ്മേ കരയാതെ വയ്യ

കരയുന്ന ഗൗരി തളരുന്ന ഗൗരി
കലിവിട്ടൊഴിഞ്ഞാല്‍ പടുവൃദ്ധയായി
മതി ഗൗരിയമ്മേ കൊടി താഴെ വെക്കാം
ഒരു പട്ടുടുക്കാം മുടി കെട്ടഴിക്കാം
ഉടവാളെടുക്കാം കൊടുങ്ങല്ലൂര്‍ ചെന്നാല്‍
ഒരുകാവു തീണ്ടാം.

ഇനി ഗൗരിയമ്മ ചിതയായി മാറും
ചിതയാളിടുമ്പോള്‍ ഇരുളൊട്ടു നീങ്ങും
ചിത കെട്ടടങ്ങും കനല്‍ മാത്രമാകും
കനലാറിടുമ്പോള്‍ ചുടുചാമ്പലാകും
ചെറുപുല്‍ക്കൊടിക്കും വളമായിമാറും.

Story Highlights: k r gouri amma, balachandran chullikkad poem

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top