പോരാളിയെന്ന വിളിപ്പേരിനെ അന്വര്‍ത്ഥമാക്കിയ ജീവിതം: പതിറ്റാണ്ടുകളോളം ജ്വലിച്ച് വിപ്ലവ നക്ഷത്രം; കെ ആർ ഗൗരി

കേരള രാഷ്ട്രീയ ചരിത്രത്തിൽ പകരക്കാരില്ലാത്ത വ്യക്തിത്വമായിരുന്നു കെ.ആർ. ഗൗരിയമ്മയുടേത്. ഒളിവു ജീവിതവും, ജയിൽവാസവും, കൊടിയ പീഡനങ്ങളും കടന്ന് കേരളത്തിന്റെ വിപ്ലവ നായികയായി ഗൗരിയമ്മ മാറി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയും ജനസേവന രംഗത്തേക്ക് ഇറങ്ങിയ കെ ആര്‍ ഗൗരിയമ്മയെ മാറ്റിനിര്‍ത്തിയാൽ അപൂര്‍ണ്ണമാണ് കേരള രാഷ്ട്രീയ ചരിത്രം. പോരാളിയെന്ന വിളിപ്പേരിനെ അക്ഷരാര്‍ത്ഥത്തിൽ അന്വര്‍ത്ഥമാക്കിയ ജീവിതം.
പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തിൽ ജ്വലിച്ച് നിന്ന വിപ്ലവ നക്ഷത്രമായിരുന്നു കെ ആർ ഗൗരി. 13 തവണ നിയമസഭാംഗവും ആറു തവണ മന്ത്രിയുമായി. കുടിയൊഴിപ്പിക്കൽ നിരോധന നിയമം, ഭൂപരിഷ്കരണ നിയമം, അഴിമതി നിരോധന നിയമം തുടങ്ങി കേരളത്തിന്‍റെ തലവര മാറ്റിയെഴുതിയ ഇടപെടലുകൾക്ക് ഗൗരിയമ്മ തുടക്കമിട്ടു.
ചേർത്തലയിലെ പട്ടണക്കാട്ട് കളത്തിപ്പറമ്പിൽ കെ എ രാമൻ, പാർവതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14 ന് ജനനം. തുറവൂര്‍ തിരുമല ദേവസ്വം സ്കൂളിലും ചേര്‍ത്തല ഇംഗ്ലിഷ് സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും, സെന്റ് തെരേസാസ് കോളജില്‍ നിന്നു ബിരുദപഠനവും തിരുവനന്തപുരം ലോ കോളേജില്‍നിന്നു നിയമബിരുദവും നേടി. ഈഴവ സമുദായത്തിലെ ആദ്യത്തെ വനിതാ വക്കീലായി.
നിയമബിരുദം നേടിയ ശേഷം അഭിഭാഷക ജീവിതം തുടങ്ങും മുൻപായിരുന്നു ഗൗരിയമ്മയുടെ രാഷ്ട്രീയപ്രവേശം. 1948 ല്‍ തിരു- കൊച്ചി നിയമസഭയിലേക്ക് ചേര്‍ത്തല താലൂക്കിലെ തുറവൂര്‍ മണ്ഡലത്തില്‍ നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1952 ലും 54 ലും തിരു–കൊച്ചി നിയമസഭയിലേക്ക് വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. ഐക്യകേരള രൂപീകരണത്തിനുശേഷം 1957 ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ റവന്യു മന്ത്രിയായിരുന്നു കെ ആർ ഗൗരി. അതേ മന്ത്രിസഭയിൽ അംഗമായിരുന്ന ടി വി തോമസിനെ വിവാഹം ചെയ്തു. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇരുവരും രണ്ടു ചേരികളിലായി. ഗൗരിയമ്മ സിപിഎമ്മിനൊപ്പം ഉറച്ചുനിന്നു. ടിവി സിപിഐക്കൊപ്പവുമായിരുന്നു. തുടർന്ന് ഇരുവരും പിരിഞ്ഞു.
പതിനേഴ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഗൗരിയമ്മ 13 തവണ വിജയിച്ചു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലൊഴികെ എല്ലാ തവണയും മത്സരിച്ച ഗൗരിയമ്മ 1948, 1977, 2006, 2011 വര്‍ഷങ്ങളില്‍ മാത്രമാണു പരാജയമറിഞ്ഞത്.
1987 ൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഗൗരിയമ്മ പക്ഷേ 1994 ൽ സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടു. തുടര്‍ന്നു ജെഎസ്എസ് രൂപീകരിച്ചു. 2019 വരെ ജെഎസ്എസിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. യുഡിഎഫിനൊപ്പം നിന്ന ഗൗരിയമ്മയെ പിന്നീട് ക്ഷണിതാവ് സ്ഥാനം നൽകി സിപിഐഎം എൽഡിഎഫിലേക്ക് കൊണ്ടു വന്നു.
Story Highlights: k r gouriyamma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here