ഐപിഎൽ നിർത്തിവച്ചില്ലായിരുന്നു എങ്കിൽ പിന്മാറിയേനെ: യുസ്‌വേന്ദ്ര ചഹാൽ

ഐപിഎൽ നിർത്തിവച്ചില്ലായിരുന്നു എങ്കിൽ പിന്മാറിയേനെ എന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം യുസ്‌വേന്ദ്ര ചഹാൽ. മാതാപിതാക്കൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനാൽ അവർക്കൊപ്പം താൻ ഉണ്ടാവണമെന്നായിരുന്നു ആഗ്രഹം. വീട്ടിൽ അവർ ഒറ്റക്കായിരിക്കുമ്പോൾ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക ബുദ്ധിമുട്ടായിരുന്നു എന്നും ചഹാൽ പറഞ്ഞു.
“മാതാപിതാക്കൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു എന്ന് കേട്ടതിനെ തുടർന്ന് ഐപിഎലിൽ നിന്ന് ഒരു ഇടവേളയെടുക്കാൻ ആലോചിച്ചിരുന്നു. മാതാപിതാക്കൾ വീട്ടിൽ ഒറ്റക്കായിരിക്കുമ്പോൾ എങ്ങനെ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മെയ് മൂന്നിനാണ് അവർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങൾക്ക് ശേഷം ഐപിഎൽ മാറ്റിവച്ചു. പിതാവിൻ്റെ ഓക്സിജൻ നില 85-86ലേക്ക് താഴ്ന്നിരുന്നില്ല. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു. ഇന്നലെ അദ്ദേഹം വീട്ടിൽ തിരികെ എത്തി. പക്ഷേ, ഇപ്പോഴും അദ്ദേഹം നെഗറ്റീവായിട്ടില്ല. പക്ഷേ, ഇപ്പോൾ ഓക്സിജൻ നില മെച്ചപ്പെട്ടു. അതൊരു വലിയ ആശ്വാസമാണ്.”- ചഹാൽ പറഞ്ഞു.
ആറോളം താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിലാണ് ഐപിഎൽ മത്സരങ്ങൾ മാറ്റിവെച്ചത്. ചെന്നൈ സൂപ്പർ കിംഗ്സ് ബൗളിംഗ് പരിശീലകൻ എൽ ബാലാജി, ഡൽഹി ക്യാപിറ്റൽസ് താരമായ അമിത് മിശ്ര, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ എന്നിവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധത്തെ തുടർന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നിർത്തിവെച്ചത്.
Story Highlights: I would’ve pulled out if IPL wasn’t suspended: Yuzvendra Chahal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here