ഖത്തറിൽ നിന്ന് 40 മെട്രിക് ടൺ ഓക്സിജൻ ഇന്ത്യയിലേക്ക് അയച്ചു

കൊവിഡിന്റെ രണ്ടാം തരംഗത്തിൽ വലയുന്ന ഇന്ത്യയ്ക്ക് ഖത്തറിൽ നിന്ന് 40 മെട്രിക് ടൺ ഓക്സിജൻ കൂടി അയച്ചു. കഴിഞ്ഞ ദിവസം രാത്രി തന്നെ കപ്പൽ ദോഹയിൽ നിന്ന് യാത്ര തിരിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ നാവിക സേനയുടെ ഐ.എൻ.എസ്. തർകാഷ് കപ്പലിലാണ് ചരക്ക് കൊണ്ടുവരുന്നത്. രണ്ട് ക്രെയോജനിക് ടാങ്കറുകളിലായാണ് ഓക്സിജൻ നിറച്ചത്. ഇതോടെ, ഏകദേശം 160 മെട്രിക് ടൺ ഓക്സിജൻ ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്.
ഇന്ത്യക്കായി എല്ലാ വിധ കൊവിഡ് സഹായം എത്തിക്കാനായി അമീർ ശൈഖ് തമീം ബിൻ ഹമദ് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടർന്ന് ഇന്ത്യയ്ക്ക് ഖത്തറിൽ നിന്ന് എല്ലാ വിധ കൊവിഡ് സഹായങ്ങൾ തുടരുമെന്നും ഇനിയും ഓക്സിജൻ അയക്കാനുള്ള ശ്രമങ്ങളും തുടരുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു. അകെ 1200 മെട്രിക് ടൺ ഓക്സിജൻ ഇന്ത്യയിൽ എത്തിക്കുമെന്ന് ഇന്ത്യൻ അംബാസഡറായ ഡോ. ദീപക് മിത്തലും അറിയിച്ചിട്ടുണ്ട്.
ഇതിന് മുമ്പ് ഐ.എൻ.എസ്. ത്രികാന്ത് കപ്പലിൽ 40 മെട്രിക് ടൺ ഓക്സിജൻ കൊണ്ടുപോയിരുന്നു. മെയ് 14 ന് വിവിധ മെഡിക്കൽ വസ്തുക്കളടങ്ങിയ സഹായവുമായി ഖത്തരി അമീരി ഫോഴ്സ് വിമാനം ഡൽഹിയിൽ എത്തിയിരുന്നു. ഖത്തറിൻറെയും ദോഹയിലെ ഫ്രഞ്ച് എംബസിയുടെയും നേതൃത്വത്തിൽ 40 മെട്രിക് ടൺ ഓക്സിജൻ അയച്ചിരുന്നു. മൂന്ന് വിമാനങ്ങളിലായി 300 ടൺ സഹായവസ്തുക്കൾ സൗജന്യമായി ഖത്തർ എയർവേസും എത്തിച്ചിരുന്നു. മെയ് 2 ന് മെഡിക്കൽ വസ്തുക്കൾ അടങ്ങിയ ചരക്കുമായി ഇന്ത്യൻ നാവികസേന കപ്പൽ ഐ.എൻ.എസ്. കൊൽക്കത്തയും പുറപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here