കൊടകര കുഴൽപ്പണ കേസ്; അന്വേഷണം ബിജെപി – ആർഎസ്‌എസ് നേതാക്കളിലേക്കും

തൃശൂർ കൊടകര കുഴൽപണ കേസിൽ അന്വേഷണം ബിജെപി – ആർഎസ്‌എസ് നേതാക്കളിലേക്കും. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെആർ ഹരി, ട്രഷറർ സുജയ് സേനൻ, ആർഎസ്എസ് മേഖലാ സെക്രട്ടറി കാശിനാഥൻ എന്നിവരെ ഇന്ന് ചോദ്യം ചെയ്യും. വരും ദിവസങ്ങളിൽ കൂടുതൽ ബിജെപി നേതാക്കളെ ചോദ്യം ചെയ്തേക്കും.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെആർ ഹരി, ട്രഷറർ സുജയ് സേനൻ, ആർഎസ്എസ് മേഖലാ സെക്രട്ടറി കാശിനാഥൻ എന്നിവരോടാണ് ഇന്ന് പ്രത്യേക അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുള്ളത്. പണം കവർന്നതറിഞ്ഞ് കൊടകരയിൽ ആദ്യം എത്തിയത് സുജയ് സേനനാണ് എന്ന വിവരത്തിന്റ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് സ്ഥാനാർഥിയായതിനാൽ എൻഡിഎ യുടെ തെരഞ്ഞെടുപ്പ് ചുമതല കെആർ ഹരിക്കായിരുന്നു. പണവുമായി വന്ന, ധർമരാജന്റെ ഡ്രൈവർ ഷംജീറിന് ഹോട്ടലിൽ താമസ സൗകര്യം ഏർപ്പെടുത്തിക്കൊടുത്തവരെയും ചോദ്യം ചെയ്യും.
അതേസമയം പണം കേരളത്തിലേക്ക് കൊണ്ടുവന്നത് സംസ്ഥാനത്തിന് പുറത്തുനിന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പണം കൊടുത്തുവിട്ടയാളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിക്കുകയാണ്. ആർഎസ്എസ് പ്രവർത്തകൻ ധർമരാജനെയും യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കിനെയും ചോദ്യം ചെയ്തതിൽ നിന്നും പല നിർണായക വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.
Story Highlights: Kodakara money laundering case; Inquiry into BJP-RSS leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here