കൊവിഡിനുള്ള മരുന്ന് ശേഖരിച്ചുവച്ചു; ഗൗതം ഗംഭീറിനെതിരെ അന്വേഷണത്തിന് ഉത്തരവ്

കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നുകൾ വൻതോതിൽ ശേഖരിച്ച് സൂക്ഷിച്ചെന്ന ആരോപണത്തിൽ ഗൗതം ഗംഭീർ എം.പിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. ഡ്രഗ് കൺട്രോളർ ഓഫ് ഡൽഹി അന്വേഷണം നടത്തണം. ഒരാഴ്ചയ്ക്കകം അന്വേഷണപുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഡൽഹി ഹൈക്കോടതി നിർദേശം നൽകി.
മരുന്നുകൾ വൻതോതിൽ വാങ്ങിക്കൂട്ടിയ ശേഷം വിതരണം ചെയ്തത് നല്ല ഉദ്യേശത്തോടെയായിരിക്കും. പക്ഷെ, മരുന്ന് ദൗർലഭ്യം നിലനിൽക്കുന്ന സമയത്തുള്ള ഗൗതം ഗംഭീറിന്റെ നടപടി ഉത്തരവാദിത്തമില്ലാത്ത പ്രവൃത്തിയാണെന്ന് ജസ്റ്റിസ് വിപിൻ സാംഘി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഓക്സിജൻ സിലിണ്ടറുകൾ സൂക്ഷിച്ചെന്ന ആരോപണത്തിൽ ആം ആദ്മി എംഎൽഎമാരായ പ്രീതി തോമർ, പ്രവീൺ കുമാർ എന്നിവർക്കെതിരെ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. പൊതുപ്രവർത്തകനായ ദീപക് സിംഗ് സമർപ്പിച്ച പൊതുതാത്പര്യഹർജിയിലാണ് നടപടി.
അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. 24 മണിക്കൂറിനിടെ 4,454 പേരാണ് മരിച്ചത്. ഇന്നലെ 2,22,315 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3,02,544 പേർ രോഗമുക്തി നേടി. ഇന്ത്യയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,52,447ആയി. ഇതിൽ 2,37,28,011 പേർ രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരിച്ചത് 3,03,720 പേരാണ്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3 ലക്ഷം കടന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി.
നിലവിൽ 27,20,716പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 19,60,51,962 പേർ വാക്സിൻ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Story Highlights: Probe how Gautam Gambhir procured Covid drugs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here