Advertisement

മുംബൈ ബാർജ് അപകടം: ഭർത്താവിനെ ഇനിയും കണ്ടെത്തിയില്ല; തെരച്ചിൽ നിർത്തരുതെന്ന് യുവതി

May 25, 2021
Google News 2 minutes Read
Wife barge appeals search

മുംബൈ ബാർജ് അപകടത്തിൽപെട്ട എല്ലാവരെയും കണ്ടെത്തിയെന്ന നാവികസേനയുടെ വെളിപ്പെടുത്തലിനെ തള്ളി യുവതി. ബാർജിലുണ്ടായിരുന്ന ഭർത്താവിനെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നും തെരച്ചിൽ നിർത്തരുതെന്നും മേഘ ജെയിൻ എന്ന യുവതി അപേക്ഷിക്കുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് യുവതിയുടെ അഭ്യർത്ഥന.

“എൻ്റെ പേര് മേഘ ജെയിൻ. എൻ്റെ ഭർത്താവ് സൗരവ് ജെയിൻ പി-305 ബാർജിൽ ഉണ്ടായിരുന്നു. അദ്ദേഹത്തെ ഇനിയും കണ്ടെത്തിയിട്ടില്ല. കണ്ടെത്തിയ എല്ലാവരെയും കണ്ടെത്തിയാലല്ലാതെ തെരച്ചിൽ നിർത്തരുതെന്നാണ് എൻ്റെ അപേക്ഷ. അടുത്തുള്ള ദ്വീപുകളിലോ മറ്റോ അന്വേഷിക്കണം. അദ്ദേഹം അവിടെയുണ്ടായേക്കാം.”- മേഘ ജെയിൻ പറയുന്നു.

ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മുംബൈ ബാർജ് അപകടത്തിൽ 86 പേർ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. അപകടത്തിൽപെട്ട മുഴുവൻ പേരെയും കണ്ടെത്തിയതായി നാവിക സേനാ വക്താവ് അറിയിച്ചു. അപകടത്തിൽ ഇനിയും കണ്ടെത്താനുള്ള മലയാളി വിവേക് സുരേന്ദ്രനെ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്താൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിൽ അടിഞ്ഞ മൃതദേഹങ്ങൾ ബാർജിൽ ഉണ്ടായിരുന്നവരുടേതെന്ന് ഉറപ്പിച്ചതോടെയാണ് അപകടത്തിൽപെട്ട മുഴുവൻ പേരെയും കണ്ടെത്തിയതായി നാവിക സേന അറിയിച്ചത്.

പി-305 ബാർജിലെ 261 പേരും വരപ്രദ ടക്‌ബോട്ടിലെ 13 പേരുമാണ് അപകടത്തിൽപെട്ടത്. 188 പേരെ കടലിൽ നിന്നും രക്ഷിച്ചു. 70 മൃതദേഹങ്ങൾ കടലിൽ നിന്ന് കണ്ടെത്തി. എട്ട് മൃതദേഹങ്ങൾ ഗുജറാത്തിലെ കടൽതീരത്ത് നിന്നും എട്ട് മൃതദേഹങ്ങൾ മഹാരാഷ്ട്രയിലെ റായ്ഗഡ് തീരത്ത് നിന്നും കണ്ടെത്തിയതായി നാവിക സേനാ വക്താവ് അറിയിച്ചു. ഇതോടെ ദുരന്തത്തിൽ 86 പേർ മരിച്ചതായി സ്ഥിരീകരിച്ചു.

Story Highlights: Wife of engineer of sunken barge appeals to Navy to not stop search

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here