ഷമി കൊവിഡ് വാക്സിൻ സ്വീകരിച്ചു

ഇന്ത്യൻ പേസർ മുഹമ്മദ് ഷമി കൊവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചു. ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായുള്ള ക്വാറൻ്റീനിൽ വച്ചാണ് ഷമി വാക്സിൻ സ്വീകരിച്ചത്. നിലവിൽ മുംബൈയിലാണ് ഷമി ഉള്ളത്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനൊപ്പം മുംബൈയിൽ ക്വാറൻ്റീനിലാണ് താരം. ഷമി തന്നെയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഇക്കാര്യം അറിയിച്ചത്.
അതേസമയം, ടെസ്റ്റ് പരമ്പര വെട്ടിച്ചുരുക്കാൻ ബിസിസിഐ ആവശ്യപ്പെട്ടു എന്ന റിപ്പോർട്ടുകൾ തള്ളി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് രംഗത്തെത്തി. കൊവിഡ് കാല ക്രിക്കറ്റിനെപ്പറ്റിയാണ് ബിസിസിഐയുമായി സംസാരിച്ചതെന്നും ടെസ്റ്റ് പരമ്പര ചുരുക്കണമെന്ന് അവർ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇസിബി വക്താവ് പറഞ്ഞതായി ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു. ഐപിഎൽ വിൻഡോയ്ക്കായി ടെസ്റ്റ് പരമ്പര ചുരുക്കാൻ ബിസിസിഐ ആവശ്യപ്പെട്ടു എന്നായിരുന്നു റിപ്പോർട്ട്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനു ശേഷം കളിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ബിസിസിഐ വെട്ടിച്ചുരുക്കാനൊരുങ്ങുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ. സെപ്തംബറിൽ നടക്കുന്ന ടി-20 ലോകകപ്പിനു മുൻപ് ഐപിഎൽ പൂർത്തിയാക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്. ടെസ്റ്റ് പരമ്പര വെട്ടിച്ചുരുക്കിയാൽ ഈ സമയത്തിനുള്ളിൽ ഐപിഎൽ പൂർത്തിയാക്കാൻ കഴിയും എന്നും റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നു.
വരുന്ന സീസണിൽ പുതിയ രണ്ട് ഐപിഎൽ ടീമുകളെ കൂടി ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് ബിസിസിഐ താത്കാലിക ബ്രേക്കിട്ടിരുന്നു. പുതിയ ടീമുകളെ അവതരിപ്പിക്കാൻ പറ്റിയ സമയം ഇതല്ലെന്നും നിലവിൽ നിർത്തിവച്ചിരിക്കുന്ന സീസണിൻ്റെ ഭാവി പരിഗണിച്ച് മാത്രമേ തീരുമാനം എടുക്കൂ എന്നും ബിസിസിഐ പ്രതിനിധി പറഞ്ഞതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Story Highlights: Mohammed Shami receives first dose of Covid vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here