ഐപിഎലിന്റെ ഭാവി ശനിയാഴ്ച അറിയാം

ഐപിഎൽ 14ആം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങളുടെ ഭാവി ശനിയാഴ്ച അറിയാം. വിർച്വൽ മീറ്റിങ്ങാണ് ശനിയാഴ്ച നടത്തുക. സെപ്തംബർ 15 മുതൽ ഒക്ടോബർ 15 വരെയുള്ള സമയത്തെ മൂന്ന് ആഴ്ചകളാവും ഐപിഎലിനായി പരിഗണിക്കുക. യുഎഇയാണ് വേദിയായി പരിഗണിക്കുന്നത്. ടി-20 ലോകകപ്പ്, രഞ്ജി ട്രോഫി തുടങ്ങിയവയൊക്കെ ചർച്ചയിൽ വിഷയങ്ങളായി ഉയർന്നേക്കുമെന്നാണ് സൂചന.
ഇപ്പോഴും ഇന്ത്യയിൽ തന്നെ ടി-20 ലോകകപ്പ് നടത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്. എന്നാൽ, കൊവിഡിൻ്റെ സാഹചര്യത്തിൽ രാജ്യത്ത് എങ്ങനെ ലോകകപ്പ് നടത്തുമെന്നത് ചർച്ചയാവും.
സെപ്തംബർ 18 മുതൽ 20 വരെയുള്ള തീയതികളിൽ ഐപിഎൽ പുനരരംഭിക്കുമെന്നാണ് സൂചന. ഒക്ടോബർ 9നോ 10നോ ഫൈനൽ നടന്നേക്കും. 10 ഡബിൾ ഹെഡറുകളാണ് ഉണ്ടാവുക എന്നും ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരക്ക് ശേഷം ഇരു ടീമിലെയും താരങ്ങൾ ദുബായിലെത്തും. കരീബിയൻ പ്രീമിയർ ലീഗിനു ശേഷം വെസ്റ്റ് ഇൻഡീസ് താരങ്ങളും ദുബായിലെത്തും. അവർക്ക് മൂന്ന് ദിവസത്തെ ക്വാറൻ്റീനാണ് ഉണ്ടാവുക എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ആറോളം താരങ്ങൾക്കും കോച്ചിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതിലാണ് ഐപിഎൽ മത്സരങ്ങൾ മാറ്റിവെച്ചത്. ചെന്നൈ സൂപ്പർ കിംഗ്സ് ബൗളിംഗ് പരിശീലകൻ എൽ ബാലാജി, ഡൽഹി ക്യാപിറ്റൽസ് താരമായ അമിത് മിശ്ര, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ എന്നിവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധത്തെ തുടർന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നിർത്തിവെച്ചത്.
Story Highlights: BCCI To Officially Lock In IPL 2021 Window
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here