Advertisement

മറഡോണയുടെ മരണം; പ്രതിചേർക്കപ്പെട്ടവർക്ക് യാത്രാവിലക്ക്

May 28, 2021
Google News 1 minute Read
Maradona Death Travel Ban

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ടവർക്ക് യാത്രാവിലക്ക്. രാജ്യാന്തര യാത്രകൾക്കാണ് വിലക്ക്. മറഡോണയുടെ മരണത്തിൽ ഏഴ് ആരോഗ്യപ്രവർത്തകരെയാണ് പ്രതിചേർക്കപ്പെട്ടിരിക്കുന്നത്. മനപൂർവമല്ലാത്ത നരഹത്യാകുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ചികിത്സയിൽ അനാസ്ഥ കാണിച്ചെന്ന് കരുതപ്പെടുന്ന ഏഴ് പേർക്കെതിരെയാണ് കേസെടുത്തത്. മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കൽ ബോർഡ് നടത്തിയ അന്വേഷണത്തിൻ്റെ ഫലം പരിഗണിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറ്റക്കാരെന്ന് തെളിഞ്ഞാൽ ഇവർക്ക് 8 മുതൽ 25 വർഷം വരെ തടവ് ലഭിക്കും.

മറഡോണയുടെ കുടുംബ ഡോക്ടർ ലിയോപോൾഡോ ലുക്ക്, സൈക്യാട്രിസ്റ്റ് അഗസ്റ്റിന കൊസാചോവ്, മറഡോണയുടെ മെഡിക്കൽ ടീമിലെ രണ്ട് ആരോ​ഗ്യ വി​​ദ​ഗ്ധർ, ഒരു ഡോക്ടർ, ഒരു സൈക്കോളജിസ്റ്റ്, നഴ്സ് കോർഡിനേറ്റർ എന്നിവരെക്ക്തിരെയാണ് കേസ്. ഇവർക്കെതിരെ പ്രോസിക്യൂട്ടർമാർ സ്വമേധയാ കൊലക്കുറ്റം ചുമത്തുകയായിരുന്നു.

അവസാന നിമിഷങ്ങളിൽ മറഡോണയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. മരണത്തിന് മുൻപ് 12 മണിക്കൂറോളം അദ്ദേഹം അതിതീവ്ര വേദന അനുഭവിച്ചിരുന്നു. ആ സമയത്ത് കൃത്യമായ ചികിത്സ ലഭ്യമാക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞിരുന്നില്ല. കൃത്യസമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നെങ്കിൽ അദ്ദേഹം ഇപ്പോഴും ജീവിച്ചിരുന്നേനെ എന്നും അന്വേഷണ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു.

ഹൃദയാഘാതത്തെ തുടർന്ന് നവംബർ 25 നായിരുന്നു മറഡോണ അന്തരിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിനുശേഷം വിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. മരണത്തിനു പിന്നാലെ കുടുംബാംഗങ്ങൾ ചികിത്സാപിഴവ് ആരോപിച്ച് രംഗത്തുവന്നു. ഇതേതുടർന്നാണ് മെഡിക്കൽ ബോർഡ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.

Story Highlights: Diego Maradona Death Travel Ban On Seven Suspects

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here