Advertisement

മദർ തെരേസയെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെയും വിമർശിച്ച് സാധ്വി പ്രാചി

May 29, 2021
Google News 1 minute Read

വിദ്വേഷ പ്രസ്​താവനകളിലൂടെ കുപ്രശസ്​തയായ ഉത്തർപ്രദേശിലെ വിശ്വ ഹിന്ദു പരിഷത്ത് (വി.എച്.പി.) നേതാവ് സാധ്വി പ്രാചി. അലോപ്പതി ആളെക്കൊല്ലിയാണ്​ എന്നതടക്കം ഗുരുതര ആരോപണങ്ങളുന്നയിച്ച യോഗഗുരു ബാബാ രാംദേവിനെ പിന്തുണച്ചുകൊണ്ടാണ് പ്രാചി രംഗത്തെത്തിയത്. മദർ തെരേസക്കും മതംമാറ്റത്തിനും ഐ.എം.എക്കുമെതിരെ പ്രാചി ആരോപങ്ങൾ ഉന്നയിച്ചു.

ഡോക്​ടർമാരുടെ സംഘടനയായ ഐ​.എം.എ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) ക്രിസ്ത്യൻ മിഷനറിമാരാണെന്ന്​ പരോക്ഷമായി വിശേഷിപ്പിച്ച പ്രാചി, സംഘടനയുടെ പ്രവർത്തനം ഇന്ത്യയിൽ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. മത പരിവർത്തന ഗെയിം ആണ് ഇവിടെ നടക്കുന്നതെന്നും, സർക്കാർ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും പ്രാചി പറഞ്ഞു.

”ഇന്ത്യയിൽ ആളുകളെ സ്​പർശനത്തിലൂടെ സുഖപ്പെടുത്തിയ മാന്ത്രികയായ മദർതെരേസ ഉണ്ടായിരുന്നു. ആ മദർ തെരേസ ആശുപത്രിയിൽ വച്ചാണ്​ മരിച്ചത്​. സ്വാമി രാംദേവ് ജി കോടിക്കണക്കിന് ആളുകളെ ആരോഗ്യവാന്മാരാക്കിയിട്ടുണ്ട്​. ആയുർവേദത്തിനെ ചെളി എറിയുന്ന ഐ‌.എം‌.എ അംഗങ്ങൾ ചെവി തുറന്ന് കേൾക്കുക. സ്വാമി രാംദേവ് ജി രാജ്യത്തിനായി മികച്ച സേവനമാണ്​ ചെയ്യുന്നത്​. അദ്ദേഹം ദശലക്ഷക്കണക്കിന് ആളുകളുടെ രോഗമാണ്​ ഭേദമാക്കുന്നത്​” -പ്രാചി പറഞ്ഞു.

”കലത്തിലെ വെള്ളവും ഫ്രിഡ്ജിലെ വെള്ളവും പോലെയാണ് ആയുർവേദവും അലോപ്പതിയും. കലത്തിലെ വെള്ളത്തിൽ നിന്ന് ആർക്കും അസുഖം വരില്ല. അതാണ് ആയുർവേദം. 1928 ലാണ് ഐ‌.എം‌.എ എന്ന ഒരു എൻ‌.ജി.‌ഒ ഇവിടെ ഉണ്ടാക്കിയത്​. വിദേശ കമ്പനികളുടെ ഏജന്‍റുമാരായ ക്രിസ്ത്യൻ മിഷനറിമാർ ആയുർവേദത്തെ എതിർക്കുന്നു. ആയുർവേദത്തിൽ ശസ്​ത്രക്രിയ ഉണ്ട്​. ആയുർവേദ ഡോക്ടർമാരെ പ്രോത്സാഹിപ്പിക്കണം. എൻ‌.ജി.‌ഒയുടെ പ്രവർത്തനം നിർത്തലാക്കണം. ഇന്ത്യയിൽ മതപരിവർത്തന ഗെയിമാണ് നടക്കുന്നത്​. സർക്കാരുകൾ ഇക്കാര്യത്തിൽ കർശന നടപടിയെടുക്കണം” -സാധ്വി പ്രാചി ആവശ്യപ്പെട്ടു.

നേരത്തെ പശുവിന്‍റെ പേരിലുള്ള ആൾക്കൂട്ടക്കൊലപാതകത്തെ ന്യായീകരിച്ച പ്രാചി, ഇനിയും അത്തരം നടപടികൾ തുടരണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. സാംസ്​കാരിക, രാഷ്​ട്രീയ രംഗത്തെ പ്രമുഖരായ മുസ്​ലിംകൾക്കും മുസ്​ലിം പള്ളികൾക്കുമെതിരെ രൂക്ഷമായ വർഗീയ പ്രസ്​താവനകളും ഇവർ നടത്തിയിട്ടുണ്ട്​.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here