Advertisement

നിരാലംബർക്ക് ഒരു വീടെന്ന സ്വപ്നവുമായി അധ്യാപിക

May 30, 2021
1 minute Read

നിരാലംബരുടെ ജീവിതത്തിലേക്ക് വെളിച്ചം തൂകി ‘ഗുരു’ എന്ന വാക്ക് അർത്ഥവത്താക്കുകയാണ് എം.എസ്. സുനിൽ എന്ന റിട്ടയേർഡ് കോളേജ് അധ്യാപിക. സ്വന്തമായി ഒരു വീടെന്നത് എല്ലാരുടെയും ഒരു സ്വപ്നമാണ്, എന്നാൽ പത്തനംതിട്ട ജില്ലയിലെ അറുപതുകാരിയായ സുനിലിൻറെ സ്വപ്നം ഇതിൽ നിന്നും വ്യത്യസ്തമാണ്. നിരാലംബരായവർക്ക് ഓരോ വീട് എന്നതാണ് സുനിലിൻറെ സ്വപ്നം.

നാരി ശക്തി പുരസ്‌കാരം നേടിയ സുനിൽ അഞ്ച്‌ ജില്ലകളിലായി പാവപ്പെട്ടവർക്കായി 200 ലധികം വീടുകൾ നിർമിക്കാൻ സഹായം നൽകിയിട്ടുണ്ട്. 2006 ലാണ് സുനിൽ ഇതിന് തുടക്കം കുറിച്ചത്.

ശനിയാഴ്ച്ച കൃഷി വകുപ്പ് മന്ത്രിയായ പി. പ്രസാദ് 204 മത്തെ വീടിന്റെ താക്കോൽ കൈമാറി. രണ്ട് വീടുകളുടെ പണി പൂർത്തിയായി, ആറ് വീടുകളുടെ പണി നടന്നുകൊണ്ടിരിക്കുകയാണ്.

കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ഭവനരഹിതരായ 42 കുടുംബങ്ങൾക്ക് വീട് ലഭിക്കാൻ സുനിൽ സഹായിച്ചിട്ടുണ്ട്. 2018 ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി 24 വീടുകളും അവർ നിർമ്മിച്ചു.

“ഞാൻ രണ്ടാം തവണ കോളേജിന്റെ എൻ.എസ്.എസ്. (നാഷണൽ സർവീസ് സ്കീം) പദ്ധതിയുടെ പ്രോഗ്രാം ഓഫീസർ ആയപ്പോൾ, 2006 ൽ, ഭവനരഹിതർക്ക് വീടുകൾ നിർമ്മിക്കാനുള്ള ഒരു പരിപാടി സർവകലാശാല ആരംഭിച്ചു. സുരക്ഷിതമായ സ്ഥലമില്ലാത്ത ഏതൊരു വിദ്യാർത്ഥിക്കും ഞങ്ങളെ സമീപിക്കാമെന്ന് ഞങ്ങൾ പ്രഖ്യാപിച്ചെങ്കിലും ആരും മുന്നോട്ട് വന്നില്ല. എന്റെ വിദ്യാർത്ഥികളിലൊരാളായ സജിനി എന്നോട് പറഞ്ഞു, ഒരു ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ ആശ, അത്തരമൊരു പ്രതിസന്ധിയിലാണെന്ന്. പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് നിർമ്മിച്ച ഒരു ചെറിയ ഷെഡിലാണ് ആശയും കുടുംബവും താമസിച്ചിരുന്നത്. വാതിൽ അവൾ കോളേജിൽ ധരിച്ചിരുന്ന അവളുടെ സൽവാർ കമീസിന്റെ ഷാളായിരുന്നു. 1.19 ലക്ഷം രൂപ ചെലവഴിച്ച് ഞങ്ങൾ ഒരു വീട് നിർമ്മിച്ചു. ഞങ്ങൾക്ക് 98,000 രൂപയാണ് പിരിവായി ലഭിച്ചത് ബാക്കിയുള്ളവ എന്റെ സമ്പാദ്യത്തിൽ നിന്നും കണ്ടെത്തി. ആശയുടെ സന്തോഷം കണ്ട്, ഭവനരഹിതർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചു.”, സുനിൽ പറഞ്ഞു.

ഭവനരഹിതർക്ക് വീടുകൾ നിർമ്മിച്ച് ഒരു ഗ്രാമം ഉണ്ടാക്കുക എന്നതാണ് സുനിലിന്റെ ലക്ഷ്യം. അവരുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി കോന്നി സ്വദേശി കെ.പി. ജയപാലും ഈ സംരംഭത്തിൽ പങ്കുചേർന്നു. രോഗികൾക്കും കുട്ടികളുള്ള വിധവകൾക്കുമാണ് അവർ മുൻഗണന നൽകുന്നത്.

കുറഞ്ഞ ചിലവിൽ മികച്ചതും സുരക്ഷിതവുമായ വീടുകളാണ് ഇവർ നിർമിച്ചു നൽകുന്നത്. നിലവിൽ 650 ചതുരശ്രയടി വീടിന് 4 ലക്ഷം രൂപയാണ് വില. രണ്ട് ബെഡ് റൂമുകളും (ഒന്ന് അറ്റാച്ചുചെയ്ത ബാത്ത്റൂമും) ഒരു അടുക്കളയും ഹാളും ഉൾക്കൊള്ളുന്നതാണ് ഓരോ വീടും. വീടിന്റെ നിർമ്മാണവും സാധന സാമഗ്രികൾ വാങ്ങുന്നതും ഇവരുടെ നിരീക്ഷണത്തിലാണ്. അതിനാൽ ചെലവ് കുറച്ച് 20 ദിവസത്തിനുള്ളിൽ ഗുണനിലവാരമുള്ള വീടുകൾ നിർമ്മിച്ച് നല്കാൻ ഇവർക്ക് സാധിക്കുന്നു.

അതുപോലെതന്നെ, എല്ലാ അധ്യയന വർഷത്തിലും സർക്കാർ സ്കൂളുകളിൽ നിന്നുള്ള ആയിരം വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ സുനിൽ നൽകുന്നു. അവസാന ലോക്ക്ഡൗൺ സമയത്ത്, 13 ലാപ്ടോപ്പുകളും മൂന്ന് ടെലിവിഷൻ സെറ്റുകളും വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു.

ആദ്യ കുട്ടി ആൺകുട്ടിയാകുമെന്ന് അച്ഛൻ കരുതിയിരുന്നതിനാലാണ് തനിക്ക് സുനിൽ എന്ന് പേരിട്ടതെന്നും അധ്യാപിക പറഞ്ഞു.

ഏതാനും മാസങ്ങൾക്ക് മുമ്പ് മരിച്ച അച്ഛൻ എം.എം. സാമുവൽ ബാങ്ക് മാനേജരായിരുന്നു. അമ്മ ശോശാമ്മ ഒരു സ്കൂൾ അദ്ധ്യാപികയായിരുന്നു. പത്തനംതിട്ടയിലെ കാത്തലിക് കോളേജിലെ സുവോളജി വിഭാഗത്തിൽ പ്രൊഫസറായിരുന്നു സുനിൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top