ഷഫാലി വർമ്മ എല്ലാ ഫോർമാറ്റിലും കളിക്കുന്നത് ഇന്ത്യക്ക് ഗുണകരമാണ്: മിതാലി രാജ്

കൗമാര താരം ഷഫാലി വർമ്മയെ പുകഴ്ത്തി ഇതിഹാസ താരം മിതാലി രാജ്. ഷഫാലി മൂന്ന് ഫോർമാറ്റിലും കളിക്കുന്നത് ഇന്ത്യക്ക് ഗുണകരമാണെന്ന് മിതാലി പറഞ്ഞു. വിവിധ ഫോമാറ്റുകളിൽ എങ്ങനെയാണ് ഷഫാലി കളിക്കുക എന്നത് തങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് മിതാലിഇക്കാര്യം വ്യക്തമാക്കിയത്.
“മൂന്ന് ഫോർമാറ്റിലും ഷഫാലി ഉള്ളത് ഞങ്ങൾക്ക് ഗുണകരമാണ്. വിവിധ ഫോർമാറ്റുകളിൽ ഷഫാലി എങ്ങനെ കളിക്കും എന്നത് ഞങ്ങൾ ശ്രദ്ധിക്കുകയാണ്. മുതിർന്ന താരങ്ങൾ തങ്ങളുടെ അനുഭവസമ്പത്ത് പകർന്നുനൽകേണ്ടതാണ്. അവർക്ക് വളരാനുള്ള ഇടം ഉണ്ടാക്കണം. അവർ വീണുപോയാൽ, അവിടെയാണ് മുതിർന്ന താരങ്ങൾ കടന്നുവരേണ്ടത്. “- മിതാലി പറഞ്ഞു.
അതേസമയം, ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി പുരുഷ, വനിതാ ടീമുകൾ ഒരുമിച്ച് പറക്കാൻ തയ്യാറെടുക്കുകയാണ്. ജൂൺ രണ്ടിന് മുംബൈയിൽ നിന്ന് ചാർട്ടേർഡ് വിമാനത്തിൽ ഇരുടീമുകളും ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഇന്ത്യൻ ടീം ഇംഗ്ലണ്ടിൽ ടെസ്റ്റ് മത്സരം കളിക്കും. ഒരു ടെസ്റ്റാണ് ഇന്ത്യ കളിക്കുക. ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളുമാണ് ഇന്ത്യൻ പര്യടനത്തിൽ ഉള്ളത്. 2014നു ശേഷം ഇത് ആദ്യമായാണ് ഇന്ത്യ ടെസ്റ്റ് മത്സരത്തിൽ കളിക്കുന്നത്.
സെപ്തംബൽ-ഒക്ടോബർ മാസങ്ങളിലെ ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യ തങ്ങളുടെ ആദ്യ പിങ്ക് ടെസ്റ്റ് കളിക്കും. ഓസ്ട്രേലിയക്കെതിരായ പിങ്ക് ടെസ്റ്റ് നടന്നാൽ വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ രണ്ടാമത്തെ മാത്രം ഡേനൈറ്റ് ടെസ്റ്റാവും ഇത്. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും ഈ ടെസ്റ്റിനൊപ്പം ഇന്ത്യ കളിക്കും.
Story Highlights: Having Shafali Verma in all formats is a definite plus: Mithali Raj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here