Advertisement

ലക്ഷദ്വീപിൽ കാവി അജണ്ട നടപ്പാക്കുന്നു : മുഖ്യമന്ത്രി

May 31, 2021
Google News 1 minute Read
pinarayi vijayan on lakshadweep motion

ലക്ഷദ്വീപിൽ കാവി അജണ്ട നടപ്പാക്കുന്നുവെന്ന് നിയമസഭയിൽ മുഖ്യമന്ത്രി. ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതത്തെ ഇല്ലാതാക്കുന്നുവെന്നും
തെങ്ങിലടക്കം കാവി നിറം പൂശുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ലക്ഷദ്വീപിൽ കോർപറേറ്റ് താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുന്നുവെന്നും ദ്വീപിലെ പ്രധാന ഭക്ഷണമായ ഗോമാംസം നിരോധിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സമാധാനപരമായ ജീവിത രീതിയാണ് ലക്ഷദ്വീപ് ജനതയുടേത്. ഇപ്പോളഅ‍ നടക്കുന്നത് സ്വേച്ഛാധിപത്യപരമായ ഭരണരീതിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ച് കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസം​ഗം.

മുഖ്യമന്ത്രിയുടെ പ്രസം​ഗത്തിന്റെ പൂർണ രൂപം :

ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോർപ്പറേറ്റ് താത്പര്യങ്ങളും അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ അവിടെ നടന്നുകൊണ്ടിരിക്കുന്നത്.
തെങ്ങുകളിൽ കാവി നിറം പൂശിക്കൊണ്ട് ആരംഭിച്ച് ഇപ്പോൾ ആ ജനതയുടെ ആവാസ വ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകർക്കുന്നതായി വളർന്നുകഴിഞ്ഞിരിക്കുന്നു.

പൗരത്വഭേദഗതി ബില്ലിനെതിരായി ദ്വീപിൽ നേരത്തെ സ്ഥാപിച്ചിരുന്ന ബാനറുകൾ എടുത്തുമാറ്റുകയും എഴുതിയവരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികളും ലക്ഷദ്വീപിൽ ഉണ്ടായി.

പൊതുവെ സമാധാനപരമായി ജീവിക്കുകയും അതിഥികളെ സ്നേഹവായ്പ്പുകൊണ്ട് വീർപ്പുമുട്ടിക്കുകയും ചെയ്യുന്ന രീതി യാണ് ലക്ഷദ്വീപിലെ ജനത സാധാരണനിലക്ക് സ്വീകരിക്കുന്നത്. കുറ്റകൃത്യങ്ങൾ അത്യപൂർവ്വമായിത്തീർന്ന ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട് കൊണ്ടുവരുന്നതിനുള്ള നടപടിയും സ്വീകരിച്ചുകഴിഞ്ഞിരിക്കുകയാണ്. ഇത്തരത്തിൽ പ്രതിഷേധങ്ങൾ ഉയർന്നുവരുമ്പോൾ അവയെ നേരിടുന്നതിന് മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകളും നടത്തിക്കൊണ്ടാണ് ഇത്തരം നടപടികൾ സ്വീകരിച്ചിരിക്കുന്നത്. സ്വേച്ഛാധിപത്യപരമായ ഭരണരീതി ഇതിലൂടെ തുടർന്നും വികസിച്ചുവരികയായിരുന്നു.

ജനങ്ങളുടെ ഉപജീവനത്തിന് അടിസ്ഥാനമായി നിൽക്കുന്ന മത്സ്യബന്ധനത്തെ തകർക്കുന്ന നടപടിയും സ്വീകരിക്കുകയാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളികളുടെ ബോട്ടും വലയും സൂക്ഷിക്കുന്ന കൂടാരങ്ങൾ തന്നെ തകർത്തിരിക്കുന്നു. ജനങ്ങളുടെ സ്വാഭാവികമായ ഭക്ഷണരീതിയിൽ പ്രധാനമായി നിൽക്കുന്ന ഗോമാംസം തന്നെ ഇല്ലാതാക്കാനുള്ള നടപടികളും സ്വീകരിക്കുകയാണ്. ഗോവധ നിരോധനമെന്ന സംഘപരിവാർ അജണ്ട പിൻവാതിലിലൂടെ നടപ്പിലാക്കുകയാണ്. ഗോവധവും ഗോമാംസവും നിരോധിക്കാനും ഒപ്പം ഡയറി ഫാമുകൾ അടച്ചുപൂട്ടാനുമുള്ള നടപടികളും മുന്നോട്ടുവയ്ക്കുകയാണ്. ഇത്തരത്തിൽ ഒരു ജനതയുടെ ജീവിതത്തെയും സംസ്കാരത്തെയും ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന നടപടികൾക്കാണ് ഇപ്പോൾ അഡ്മിനിസ്ട്രേറ്റർ ലക്ഷദ്വീപിൽ നേതൃത്വം നൽകുന്നത്.  

ലക്ഷദ്വീപിൽ നിലനിൽക്കുന്ന ജനാധിപത്യ സംവിധാനങ്ങളെയെല്ലാം ഇല്ലാതാക്കി ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേൽപ്പിക്കാനുള്ള നടപടികൾ തുടരുന്നു. ജില്ലാ പഞ്ചായത്തിന്റെയും വില്ലേജ് ദ്വീപ് പഞ്ചായത്തിന്റെയും അധികാരങ്ങൾ അഡ്മിനിസ്ട്രേറ്ററുടെ കീഴിലാക്കി കഴിഞ്ഞിരിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ നിന്നും മത്സ്യബന്ധനം, ആരോഗ്യം, വിദ്യാഭ്യാസം, മൃഗസംരക്ഷണം, കാർഷികം എന്നീ വകുപ്പുകൾ എടുത്തുമാറ്റുകയാണ്.

ഈ വകുപ്പുകളിൽ നേരിട്ട് ഇടപെടാൻ അധികാരമില്ലാതിരുന്ന അഡ്മിനിസ്ട്രേറ്റർക്ക് അതിനുള്ള അധികാരവും ഒരു ഉത്തരവിലൂടെ നൽകിയിരിക്കുകയാണ്. ഇതിലൂടെ കേന്ദ്ര സർക്കാർ തങ്ങൾക്ക് താത്പര്യമുള്ള ഉദ്യോഗസ്ഥരെ വിന്യസിച്ച് ദ്വീപിന്റെ സ്വാഭാവികമായ ജനാധിപത്യക്രമത്തെ തകർക്കുകയാണ്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിവിചിത്രമായ ഉത്തരവും അവതരിപ്പിക്കുകയാണ്. രണ്ടു കുട്ടികളിൽ കൂടുതലുള്ളവർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന സമീപനം നമ്മുടെ രാജ്യത്ത് കേട്ടുകേൾവി പോലുമില്ലാത്തതാണ്. അതും നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. അതുവഴി ദ്വീപിലെ ബഹുഭൂരിപക്ഷം പേർക്കും അവരുടെ ജനാധിപത്യപരമായ അവകാശം ഇല്ലാതാകുന്ന സ്ഥിതിയാണുണ്ടാവുക.
ദ്വീപ സമൂഹത്തിന്റെ ആവാസ വ്യവസ്ഥയും സംസ്കാരവും സുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവിടെ നിലനിൽക്കുന്ന നിയമമാണ് ദ്വീപിന് പുറത്തുള്ള ആർക്കുമിവിടെ ഭൂമി വാങ്ങാൻ അവകാശമില്ലായെന്നത്. ഇന്ത്യയിൽ പലയിടത്തും നിലനിൽക്കുന്ന നിയമവുമാണിത്. എന്നാൽ അതിനും മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായുള്ള പരിഷ്കാരങ്ങളും നടപ്പിലാക്കുകയാണ്.

ഒരോ മൂന്നു വർഷം കൂടുമ്പോഴും ഭൂമിയുടെയും കെട്ടിടത്തിന്റെയും ഉടമസ്ഥാവകാശവും പുതുക്കണമെന്ന നിർദ്ദേശവും വന്നുകഴിഞ്ഞു. ഇതിന് വീഴ്ച വന്നാൽ രണ്ടു ലക്ഷം രൂപ പിഴയൊടുക്കുകയും ഒരോ ദിവസം 20,000 രൂപ പിഴയൊടുക്കുകയും ചെയ്യണമെന്ന നിർദ്ദേശവും വന്നുകഴിഞ്ഞു. വിദൂര സ്ഥലങ്ങളിൽ ജോലി ചെയ്തു ജീവിക്കുന്നവർക്ക് തീർത്തും അപ്രാപ്യമായ നടപടിയാണ് വന്നുകൊണ്ടിരിക്കുന്നത്.
നൂറ്റാണ്ടുകളായി പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന നാടുകളാണ് കേരളവും ലക്ഷദ്വീപും. ബ്രിട്ടീഷ് അധിനിവേശത്തിനു മുമ്പ് പല ദ്വീപുകളും ഭരണപരമായി കണ്ണൂരിലെ അറയ്ക്കൽ രാജവംശത്തിന്റെ കീഴിലായിരുന്നു. 1956 നവംബർ 1 വരെ ലക്ഷദ്വീപ് അന്നത്തെ മലബാർ ജില്ലയുടെ ഭാഗവുമായിരുന്നു.

കേരളവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ജീവിതക്രമവും സാംസ്കാരിക രീതിയുമാണ് ലക്ഷദ്വീപിനുള്ളത്. മലയാളമാണ് അവരുടെ പ്രധാനപ്പെട്ട ഭാഷ. മലയാളം, ഇംഗ്ലീഷ് മീഡിയം സ്കൂളുകളാണ് ദ്വീപിലുള്ളത്. ഹൈക്കോടതി അടക്കമുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതാവട്ടെ കൊച്ചിയിലുമാണ്.
ചരക്കുകൾ വരുന്നതും പോകുന്നതും കൊച്ചി, ബേപ്പൂർ തുറമുഖങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ചരിത്രപരമായി നിലനിൽക്കുന്ന ഈ പാരസ്പര്യ ബന്ധത്തെ തകർക്കുവാനുള്ള പരിശ്രമമാണ് ഇപ്പോൾ നടക്കുന്നത്. സാംസ്കാരികമായുള്ള ലക്ഷദ്വീപിന്റെ സവിശേഷ തകൾക്കും അവിടത്തെ തനതു ജീവിതരീതികൾക്കുംമേൽ കടന്നുകയറ്റം നടത്തുന്ന നടപടിയെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.
ലോകത്തിന്റെ പല ഭാഗങ്ങളിലും ജനതയുടെ ജീവിത സവിശേഷതകളെ തകർക്കപ്പെടുന്ന പരിശ്രമങ്ങൾ നടന്നിടത്തെല്ലാം ശക്തമായ ചെറുത്തുനിൽപ്പുകൾ ഉയർന്നുവന്നിട്ടുണ്ട്. അങ്ങനെ സ്വന്തം നാട്ടിൽ അനാഥരാക്കപ്പെട്ട ജനവിഭാഗങ്ങൾ പലയിടത്തുമുണ്ട്. അതു പാഠമാകണം. അത്തരം ഹീനമായ പ്രവൃത്തികൾ ഇന്ത്യയിലുണ്ടാവരുത്.

രാജ്യത്തിന്റെ ഒരുമയ്ക്കെതിരെ നിൽക്കുന്ന ശക്തികളുടെ താൽപ്പര്യങ്ങൾക്ക് അനുസൃതമായി നടത്തപ്പെട്ടവയാണ് എല്ലാ വിഭാഗീയ വിഘടന നീക്കങ്ങളും. ആ ചരിത്ര പശ്ചാത്തലത്തിൽ നിന്ന് വീക്ഷിക്കുമ്പോൾ ലക്ഷ ദ്വീപിന്റെ ഭാവി ഉത്കണ്ഠ ഉളവാക്കുന്നു.

അത് ഇരുളടഞ്ഞതായിപ്പോകുമെന്ന ആശങ്ക ഇന്ത്യൻ ജനതയുടെയാകെ മനസ്സിൽ ഉയരുന്നു. കേരളം ആ ആശങ്ക പങ്കു വയ്ക്കുന്നു.
കൊളോണിയൽ ഭരണാധികാരികളുടെ ചെയ്തികളെപ്പോലും വെല്ലുന്ന രീതിയിലാണ് ഒരു ജനത വില കൽപ്പിക്കുന്ന സാംസ്കാരിക തനിമയ്ക്കുമേൽ ആക്രമണം നടക്കുന്നത്. ഇത് ബഹുസ്വരത മുഖമുദ്രയായുള്ള ഒരു ജനാധിപത്യ സംസ്കാരത്തിന് തീർത്തും അന്യം നിൽക്കുന്ന ഒന്നാണ്. അതിനാൽ തന്നെ, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഓരോരുത്തരും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്നുണ്ടാകുന്ന നടപടികളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തേണ്ടതാണ്.

ലക്ഷദ്വീപിൽ ഇന്ന് നടക്കുന്ന പ്രവർത്തനങ്ങൾ സംഘപരിവാർ അജണ്ടയുടെ ഒരു പരീക്ഷണശാലയായാണ് കാണേണ്ടത്.
ജനതയുടെ സംസ്കാരം, ഭാഷ, ജീവിതക്രമം, ഭക്ഷണം ഇവയെല്ലാം തങ്ങൾക്ക് അനുയോജ്യമായ രീതിയിൽ മാറ്റിത്തീർക്കാനുള്ള പരിശ്രമമാണ് സംഘപരിവാർ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്.

ജനങ്ങളുടെ ഉപജീവന മാർഗം തകർത്ത് കോർപ്പറേറ്റുകൾക്ക് പരവതാനി വിരിക്കാനുള്ള നടപടികളും അവർ സ്വീകരിച്ചുവരുന്നു. ഒരു ജനതയെ കോർപ്പറേറ്റ് താത്പര്യങ്ങൾക്കും ഹിന്ദുത്വരാഷ്ട്രീയത്തിനും അടിമപ്പെടുത്താനുള്ള ഈ പരിശ്രമത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് ഉയർന്നുവരേണ്ടതുണ്ട്. എങ്കിൽ മാത്രമേ ദേശീയ സ്വാതന്ത്ര പ്രസ്ഥാനം വിഭാവനം ചെയ്ത നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യാ രാജ്യത്തിന്റെ നിലനിൽപ്പിന് ആധാരമായ കാഴ്ചപ്പാടുകളെ സംരക്ഷിക്കാനാവൂ.

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെയും അവിടത്തെ ജനങ്ങളുടെയും സവിശേഷതകൾ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനുണ്ട്. അതിന് വെല്ലുവിളി ഉയർത്തുന്ന അഡ്മിനിസ്ട്രേറ്ററെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളിൽനിന്ന് നീക്കം ചെയ്യണം. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനങ്ങളും സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന പ്രമേയം ഈ സഭ ഐകണ്ഠ്യേന പാസ്സാക്കണമെന്ന് ആവശ്യപ്പെടുന്നു.

Story Highlights: pinarayi vijayan on lakshadweep motion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here