Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (31-05-2021)

May 31, 2021
Google News 1 minute Read

സംസ്ഥാനത്ത് ഇന്ന് 12,300 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 12,300 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂര്‍ 558, കാസര്‍ഗോഡ് 341, പത്തനംതിട്ട 277, ഇടുക്കി 263, വയനാട് 170 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

വാക്സിൻ ലഭ്യത : ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ

വാക്സിൻ പ്രശ്നം പരിഹരിക്കാൻ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങൾക്ക് ആവശ്യമായ വാക്സിൻ പൂർണ്ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്ണമെന്ന ആവശ്യം സംസ്ഥാനങ്ങൾ സംയുക്തമായി മുന്നോട്ടുവെക്കണം എന്ന അഭ്യർത്ഥനയോടെ ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് പിണറായി വിജയൻ കത്തയച്ചു.

രാജ്യത്തിന് ഒറ്റ വാക്സിൻ വില വേണം : സുപ്രിംകോടതി

രാജ്യത്തിന് ഒറ്റ വാക്സിൻ വില വേണമെന്ന് സുപ്രിംകോടതി. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരേ വിലയ്ക്ക് വാക്സിൻ ലഭ്യമാക്കണമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കേന്ദ്രസർക്കാർ യാഥാർഥ്യങ്ങൾ തിരിച്ചറിയണമെന്നും രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് കേന്ദ്രം മനസിലാക്കണമെന്നും വാക്സിൻ നയത്തിൽ ആവശ്യമായ മാറ്റം വരുത്തണമെന്നും കോടതി നിർദേശിച്ചു.

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ച് കേരള നിയമസഭ; പ്രമേയം ഐക്യകണ്ഠേന പാസാക്കി

ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് കേരള നിയമസഭ പ്രമേയം ഐക്യകണ്ഠേന പസാക്കി. അനൂപ് ജേക്കബ്, എൻ ഷംസു​ദ്ദീൻ പി ടി തോമസ് എന്നിവർ നിർദേശിച്ച ഭേദഗതികളോടെയാണ് പ്രമേയം പാസാക്കിയത്.

കെപിസിസി അധ്യക്ഷപ്രഖ്യാപനം ഉടനുണ്ടാകും; അശോക് ചവാൻ സമിതി നാളെ റിപ്പോർട്ട് സമർപ്പിക്കും

കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിൽ തീരുമാനം വൈകാതെയുണ്ടാകും. നാളെ അശോക് ചവാൻ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ തുടർച്ചയായാകും പ്രഖ്യാപനമുണ്ടാകുക. അധ്യക്ഷ ചുമതല താത്്ക്കാലികമായി മറ്റാർക്കെങ്കിലും നൽകണമെന്ന എ, ഐ ഗ്രൂപ്പുകളുടെ ആവശ്യം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തള്ളി.

ചാലയിൽ തീപിടുത്തം

തിരുവനന്തപുരം ചാല മാർക്കറ്റിൽ തീപിടുത്തം. മഹാദേവ ടോയ്സിലാണ് തീപിടുത്തം ഉണ്ടായത്. കടയുടെ രണ്ടാം നിലയാണ് അഗ്നിക്കിരയായത്. തീയണക്കാൻ ഫയർ ഫോഴ്സിൻ്റെ ശ്രമം തുടരുകയാണ്. ലോക്ക്ഡൗൺ ആയതിനാൽ കട അടഞ്ഞുകിടക്കുകയായിരുന്നു. അതുകൊണ്ട് വലിയ ഒരു അത്യാഹിതമാണ് ഒഴിവായത്. അടുത്തടുത്ത് കടകൾ ഉള്ളതിനാൽ അപകട സാധ്യതയുണ്ടെന്ന് ഫയർ ഫോഴ്സ് പറയുന്നു.

കുഴൽപ്പണക്കേസ്: ബിജെപിയിൽ പൊട്ടിത്തെറി

കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപിയിൽ പൊട്ടിത്തെറി. പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് ഒബിസി മോർച്ചാ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഋഷി പൽപ്പുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ അറിയിച്ചു. കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കൾക്കെതിരായ നിലപാട് ഋഷി പൽപ്പു സ്വീകരിച്ചിരുന്നു.

Story Highlights: todays news headlines may 31

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here