Advertisement

ആരാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡിലില്‍ ഉള്ള ഡോ.ഫ്രാങ്ക് കമേനി?

June 2, 2021
Google News 1 minute Read
dr frank kameny

എല്‍ജിബിടിക്യു പ്രൈഡ് മാസമാണ് ജൂണ്‍. ഈ അവസരത്തില്‍ ഗേ റൈറ്റ്‌സ് ആക്ടിവിസ്റ്റ് ആയ ഡോ. ഫ്രാങ്ക് കമേനിക്ക് ആദരവ് അര്‍പ്പിച്ചിരിക്കുന്നു ഗൂഗിള്‍, തങ്ങളുടെ ഡൂഡിലിലൂടെ.. തങ്ങളുടെ ഹോം പേജില്‍ നിറങ്ങള്‍ നിറഞ്ഞ പൂമാല അണിഞ്ഞ കമേനിയുടെ ചിത്രമാണ് ഇന്ന് ഗൂഗിള്‍ നല്‍കിയിരിക്കുന്നത്.

ഗേ റൈറ്റ് ആക്ടിവിസ്റ്റ് എന്ന നിലയില്‍ അല്ലാതെയും ഫ്രാങ്ക് കമേനിയെ അടയാളപ്പെടുത്താവുന്നതാണ്. അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞനായിരുന്ന കമേനി രണ്ടാം ലോക മഹായുദ്ധത്തിലും പങ്കെടുത്തിരുന്നു. എല്‍ജിബിടിക്യു അവകാശ പോരാട്ടങ്ങളില്‍ പ്രധാനപ്പെട്ട പേരാണ് ഫ്രാങ്ക് കമേനിയുടെത്. ദശാംബ്ദങ്ങളുടെ മുന്നേറ്റത്തിന് വഴിയൊരുക്കിയതിന് ഗൂഗിള്‍ അദ്ദേഹത്തിനുള്ള നന്ദി രേഖപ്പെടുത്തുകയാണ് ഡൂഡിലിലൂടെ.

1925 മെയ് 21ന് ന്യൂയോര്‍ക്കിലെ ക്യൂന്‍സിലാണ് ഫ്രാങ്ക് കമേനി ജനിച്ചത്. ക്യൂന്‍സ് കോളജില്‍ 15ാം വയസില്‍ ഫിസിക്‌സ് പഠിക്കാനായി ചേര്‍ന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത കമേനി ശേഷം ജ്യോതിശാസ്ത്രത്തില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. 1957ല്‍ ആര്‍മി മാപ്പ് സര്‍വീസില്‍ ജോലിക്ക് ചേര്‍ന്ന ഫ്രാങ്കിന് മാസങ്ങള്‍ക്കുള്ളില്‍ എല്‍ജിബിടിക്യൂ അംഗങ്ങളെ ജോലിയില്‍ നിരോധിച്ചതിന്റെ ഭാഗമായി തന്റെ ജീവിതമാര്‍ഗം നഷ്ടപ്പെട്ടു.

1961ല്‍ ഗേ അവകാശത്തിനായുള്ള ആദ്യ അപ്പീല്‍ കമേനി യുഎസ് സുപ്രിംകോടതിയില്‍ സര്‍ക്കാരിന് എതിരെ നല്‍കി. ഗേ സമൂഹത്തിനായി പ്രവര്‍ത്തിക്കുന്ന ആദ്യത്തെ സംഘടനകളില്‍ ഒന്ന് രാജ്യത്ത് രൂപീകരിച്ചതും ഇദ്ദേഹമാണ്. 1970കളില്‍ സ്വവര്‍ഗാനുരാഗത്തെ മാനസികരോഗമായി കണ്ട അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷനെ അദ്ദേഹം വെല്ലുവിളിച്ചു.

2009ല്‍, ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് 50 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സര്‍ക്കാര്‍ ഫ്രാങ്ക് കമേനിയോട് മാപ്പ് പറഞ്ഞു. 2010 ജൂണില്‍ വാഷിംഗ്ടണിലെ ഒരു തെരുവിന് കമേനിയുടെ പേര് നല്‍കി. 2011 ഒക്ടോബര്‍ 11ന് വാഷിംഗ്ടണില്‍ വച്ച് കമേനി അന്തരിച്ചു.

Story Highlights: lgbtq, google doodle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here