Advertisement

അനിയന്ത്രിത ഇന്ധനവില; കേന്ദ്ര നിലപാടിൽ മാറ്റം വേണമെന്ന് മുഖ്യമന്ത്രി

June 2, 2021
Google News 1 minute Read

പെട്രോളിയം ഉത്പന്നങ്ങളുടെ വില അനിയന്ത്രിതമായി വർദ്ധിക്കാതിരിക്കണമെങ്കിൽ അന്താരാഷ്ട്ര കമ്പോളത്തിൽ വില കുറയുമ്പോൾ കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവയിൽ വർദ്ധന വരുത്തുന്ന രീതി അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ നികുതി കുറയ്ക്കണമെന്ന കേന്ദ്ര സർക്കാർ വാദം വിചിത്രമാണെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു. ഇന്ധനവില വർദ്ധന വരുത്തുന്ന നിലപാടിൽ നിന്നും കേന്ദ്രം പിന്തിരിയണമെന്നാണ് സംസ്ഥാന സർക്കാരിൻറെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സി.എച്ച്. കുഞ്ഞമ്പുവിൻറെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിയുടെ മറുപടി.

മുഖ്യമന്ത്രിയുടെ മറുപടി;

പെട്രോൾ-ഡീസൽ വില നിയന്ത്രണം 2010 ലും 2014 ലും കേന്ദ്ര സർക്കാർ എടുത്തുമാറ്റിയശേഷം ഇന്ധന വില ക്രമാനുഗതമായി ഉയരുന്ന സ്ഥിതി വിശേഷമാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര കമ്പോളത്തിൽ ക്രൂഡോയിൽ വില താഴുമ്പോൾ അതിൻറെ നേട്ടം രാജ്യത്തെ ഉപഭോക്താക്കൾക്ക് കിട്ടുമെന്ന് ഉയർത്തിയ അവകാശവാദത്തിന് വസ്തുതകളുടെ പിൻബലമില്ലാതായിരിക്കുകയാണ്. ഇതിനു കാരണം അന്താരാഷ്ട്ര കമ്പോളത്തിൽ വില താഴുമ്പോൾ അതിനുസൃതമായി എക്‌സൈസ് തീരുവ വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ വില താഴാതെ പിടിച്ചുനിർത്തുകയും പലപ്പോഴും ഉയർത്തുകയും ചെയ്യുന്നതുകൊണ്ടാണ്.

കേന്ദ്ര സർക്കാരിൻറെ കഴിഞ്ഞ ആറു വർഷക്കാലത്തെ കണക്കുകൾ പരിശോധിച്ചാൽ പെട്രോളിന്മേലും ഡീസലിന്മേലുമുള്ള കേന്ദ്ര നികുതി 307 ശതമാനം വർദ്ധിച്ചതായി കാണാം. 2021 ൽ ഇതിനകം പെട്രോൾ-ഡീസൽ വില 19 തവണ വർദ്ധിക്കുന്ന സ്ഥിതിയുമുണ്ടായി.

കേന്ദ്ര സർക്കാർ ചുമത്തുന്ന എക്‌സൈസ് തീരുവയിൽ നാലിനങ്ങളുണ്ട്. അവ ബേസിക് എക്‌സൈസ് തീരുവ, സ്‌പെഷ്യൽ അഡീഷണൽ എക്‌സൈസ് ഡ്യൂട്ടി, കൃഷി പശ്ചാത്തലസൗകര്യ വികസന സെസ്, അഡീഷണൽ എക്‌സൈസ് ഡ്യൂട്ടി & റോഡ് പശ്ചാത്തല സൗകര്യ വികസന സെസ് എന്നിവയാണ്. ഇതിൽ ബേസിക് എക്‌സൈസ് തീരുവ ഒഴികെയുള്ളവ ഒന്നുംതന്നെ സംസ്ഥാനങ്ങളുമായി പങ്കിടേണ്ടവയല്ല.

എല്ലാ വിലവർദ്ധനയും പങ്കിടേണ്ടാത്ത തീരുവകളിലാണ് കേന്ദ്ര സർക്കാർ വരുത്തിക്കൊണ്ടിരിക്കുന്നത്. 2021 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം പെട്രോളിൻമേൽ ചുമത്തിയിരുന്ന 67 രൂപ എക്‌സൈസ് തീരുവയിൽ വെറും 4 രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ട ബേസിക് എക്‌സൈസ് തീരുവ.

ഈ അവസ്ഥ നിലനിൽക്കവെയാണ് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാർ നികുതി കുറയ്ക്കണമെന്ന വിചിത്രവാദമുയർത്തുന്നത്. പെട്രോളിയം ഉത്പന്നങ്ങളുടെ വില അനിയന്ത്രിതമായി വർദ്ധിക്കാതിരിക്കണമെങ്കിൽ അന്താരാഷ്ട്ര കമ്പോളത്തിൽ വില കുറയുമ്പോൾ കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവയിൽ വർദ്ധന വരുത്തുന്ന രീതി അവസാനിപ്പിക്കണം.

കേന്ദ്ര സർക്കാർ അടിക്കടി ഉയർത്തുന്ന ഇന്ധനവില കാരണമുണ്ടാകുന്ന വിലക്കയറ്റം ഉപഭോഗത്തിൻറെ ശക്തിപ്പെടുത്തലിനെ തടസ്സപ്പെടുത്തുന്നതു വഴി സാമ്പത്തിക വളർച്ചയ്ക്ക് വിഘാതം നിൽക്കും. ഇന്ധനവില വർദ്ധന കാരണമുണ്ടാകുന്ന അവശ്യസാധാനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ പ്രത്യേകിച്ച് ദോഷകരമായി ബാധിക്കും. അനിയന്ത്രിതമായി ഇന്ധനവില വർദ്ധന വരുത്തുന്ന നിലപാടിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്നാണ് സംസ്ഥാന സർക്കാരിൻറെ നിലപാട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here