അടി തെറ്റിയാൽ കരടിയും വീഴും! ഇല്ലെങ്കിൽ ഹെയ്‌ലി തള്ളിയിടും

നിങ്ങൾ ഓമനിച്ച് വളർത്തുന്ന വളർത്തുമൃഗങ്ങൾ എന്തെങ്കിലും അപകടത്തിൽ പെട്ടാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? നിങ്ങൾ കൈയും കെട്ടി നോക്കി നിൽക്കുമോ അതോ പ്രതികരിക്കുവോ?ഏതായാലും 17 വയസ്സുള്ള ഹെയ്‌ലിയ്ക്ക് തന്റെ വളർത്തുപട്ടി തന്നെയാണ് വലുത്. ഭീമൻ കരടിയുടെ മുൻപിൽ പെട്ട തന്റെ പട്ടികുട്ടികളെ രക്ഷിക്കാൻ ഹെയ്‌ലി ചെയ്തത് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
കാലിഫോർണിയയിലെ സാൻ ഗാബ്രിയൽ വാലിയിലാണ് ഹെയ്‌ലിയുടെ ‘സാഹസികത’ വീട്ടിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞത്. ഒരു കരടിയും രണ്ട് കുട്ടികളും ഹെയ്‌ലിയുടെ വീടിന്റെ പിന്നാമ്പുറത്തുള്ള മതിലിലൂടെ വീട്ടുപരിസരത്തേക്ക് വരുന്നതാണ് വീഡിയോയുടെ തുടക്കം. കരടി വരുന്നത് കണ്ടതോടെ ഹൈലിയുടെ വളർത്തുപട്ടികൾ കുരച്ച് കൊണ്ട് കരടിയ്ക്കെതിരെ നീങ്ങി. മതിലിലൂടെ നടന്നു വരുകയായിരുന്ന കരടിയുടെ കുഞ്ഞുങ്ങൾ ഇതുകണ്ട് പേടിച്ച് തിരികെ നടന്നു. അമ്മകരടി പക്ഷെ പട്ടികളെ കൈകൾകൊണ്ട് ആട്ടിപായിക്കാൻ ആണ് മതിലിന്റെ മുകളിൽ തന്നെ നിന്ന് ശ്രമിച്ചത്.
ഈ സമയത്ത് പട്ടികളുടെ കുര കേട്ട് അവിടെയെത്തിയ ഹെയ്‌ലി കരടിയ്ക്കുനേരെ ഓടിയടുത്തു. മതിലിൽ നിൽക്കുന്ന കരടിയെ സ്വന്തം കൈകൊണ്ട് മറുവശത്തേക്ക് തള്ളിയിട്ടു ഹെയ്‌ലി. പിടിവിട്ടു നിലത്ത് വീണ കരടി വീണ്ടും എഴുനേറ്റ് വരുന്നതിന് മുൻപ് ഹെയ്‌ലി തന്റെ പട്ടികളെയും വാരിയെടുത്ത് വീടിനകത്തേക്ക് ഓടി. തിരികെ മതിലിൻ മുകളിലേക്ക് കരടി കയറിയെങ്കിലും വന്ന വഴിയേ തിരികെ പോകാനാണ് ശ്രമിച്ചത്.
ടിക് ടോക്കിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ പിന്നീട് ട്വിറ്ററിലും എത്തി. ഏകദേശം 8.4 ദശലക്ഷത്തിലധികം വ്യൂകൾ ആണ് വീഡിയോ ഇതിനകം നേടിയത്.
‘കരടിയുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്കിടെ’ ഹെയ്‌ലിക്ക് വിരലിന് ചെറിയ പരിക്കും കാൽമുട്ടിന് ഉളുക്കും സംഭവിച്ചു. ഇതേ തുടർന്ന് ‘കരടിയെ തള്ളരുത്’ എന്ന് ഹെയ്‌ലി ഫേസ്ബുക്കിൽ കുറിച്ചു. “ഞാൻ ചെയ്‌തത് നിങ്ങൾ ചെയ്യരുത്, നിങ്ങൾക്ക് സമാനമായ ഫലം ഉണ്ടാകണമെന്നില്ല” ഹെയ്‌ലി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here