രാജ്യത്ത് കൊവിഡ് നിയന്ത്രണവിധേയമാകുന്നു: ശുഭവാർത്തയുമായി ആരോഗ്യമന്ത്രാലയം

രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമാകുന്നുവെന്ന് ആരോഗ്യമന്ത്രാലയം. രോഗമുക്തി നിരക്കിൽ സ്ഥിരതയാർന്ന വർധനവ് പ്രകടമായി. കൊവിഡ് രണ്ടാം തരംഗത്തിന് കാരണം ഡെൽറ്റാ വകഭേദമാണെന്ന് നാഷണൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ അറിയിച്ചു.
മെയ് 7 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിദിന രോഗികളുടെ എണ്ണം 68 ശതമാനം കുറഞ്ഞു. പുതിയ കേസുകളിലെ 66 ശതമാനം കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. രാജ്യത്തെ 377 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയായതും, രോഗമുക്തി നിരക്ക് 93 ശതമാനം കടന്നതും പ്രതീക്ഷ നൽകുന്നു
ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണത്തിൽ അമേരിക്കയെക്കാൾ മുന്നിലാണ് ഇന്ത്യ. B.1.617.2 എന്നാ ഡൽറ്റ വകഭേദമാണ് രാജ്യത്ത് രണ്ടാമത്തെ കൊവിഡ് വ്യാപനത്തിന് കാരണമായതെന്ന് നാഷണൽ സെൻ്റർ ഫോർ ഡിസീസ് കണ്ട്രോൾ വ്യക്തമാക്കി. ആൽഫ വകഭേദത്തെക്കാൾ 50% വ്യാപന സാധ്യത കൂടുതലാണ് കാപ്പ, ഡെൽറ്റാ എന്നീ വകഭേദത്തിനെന്ന് എൻസിഡിസിയുടെ പഠനങ്ങളിൽ പറയുന്നു.
അതിനിടെ കുട്ടികളിൽ കൊവിഡ് വാക്സിൻ ഉപയോഗിക്കാൻ യുകെ അനുമതി നൽകി. 12 മുതൽ 15 വയസ്സ് പ്രായമായ കുട്ടികൾക്ക്, ഫൈസർ വാക്സിൻ ഉപയോഗിക്കാനാണ് യുകെയിൽ അനുമതി ലഭിച്ചത്. കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഇതിനകം കുട്ടികളിൽ വാക്സിൻ ഉപയോഗം ആരംഭിച്ചുകഴിഞ്ഞു.
Story Highlights: covid update india health ministry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here