കുഴൽപ്പണകേസ് ഉൾപ്പെടെ വിവാദങ്ങളിൽ ബിജെപി കേന്ദ്രനേതൃത്വത്തിന് അതൃപ്തി; ജനറൽ സെക്രട്ടറിമാരുടെ യോഗം വിവാദങ്ങൾ ചർച്ച ചെയ്യും

കൊടകര കുഴൽപ്പണകേസിലും സി കെ ജാനുവിന്റെ എൻഡിഎ പ്രവേശനത്തിലെ വിവാദത്തിലും ബിജെപി കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തി. ജനറൽ സെക്രട്ടറിമാരുടെ ഇന്ന് തുടങ്ങുന്ന രണ്ട് ദിവസത്തെ യോഗം കേരളത്തിലെ സാഹചര്യങ്ങൾ വിലയിരുത്തും.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെയാണ് കുഴൽപ്പണമടക്കം ബിജെപി സംസ്ഥാന നേതൃത്വം നേരിടുന്ന വിവാദങ്ങൾ. പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് കാര്യങ്ങൾ വഷളാക്കിയതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. സംസ്ഥാന ഭാരവാഹി യോഗം ചേർന്ന് കാര്യങ്ങൾ വിശദീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പരസ്യപ്രസ്താവനകളും സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും ഒഴിവാക്കാൻ നിർദേശം നൽകി. കുഴൽപ്പണകേസിൽ പൊലീസ് അന്വേഷണം ഏത് തരത്തിൽ മുന്നോട്ട് പോകുന്നുവെന്നത് കേന്ദ്രനേതൃത്വം അന്വേഷിച്ചുവരികയാണ്. നേതൃമാറ്റം തത്ക്കാലം പരിഗണനയിലില്ല. പ്രശ്‌നങ്ങൾ സംസ്ഥാന തലത്തിൽ തന്നെ പരിഹരിക്കട്ടെയെന്നാണ് സമീപനം.
ദേശീയ അധ്യക്ഷൻ ജെ പി നദ്ദ വിളിച്ച ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ യുപിയിലും ഗുജറാത്തിലും ഗോവയിലുമുൾപ്പെടെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളാണ് പ്രധാന ചർച്ചാ വിഷയം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here