Advertisement

ഈ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് യാത്രാ വിലക്കില്ല; വ്യവസ്ഥകൾ പാലിക്കണം

June 5, 2021
Google News 1 minute Read

കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കേസുകളുടെ എണ്ണം കൂടുന്നതിനാല്‍ മിക്ക രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള യാതക്കാർക്കു വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. അതേസമയം, വ്യവസ്ഥകളോടെ ചില രാജ്യങ്ങൾ പ്രവേശനം അനുവദിക്കുന്നുമുണ്ട്. അത്തരം ചില രാജ്യങ്ങളെപ്പറ്റി അറിയാം.

റഷ്യ

ഇന്ത്യൻ സഞ്ചാരികൾക്കായി ഇപ്പോഴും തുറന്നിരിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് റഷ്യ. സിംഗിൾ എൻ‌ട്രി അല്ലെങ്കിൽ ഡബിൾ എൻ‌ട്രിക്ക് 30 ദിവസം വരെ സാധുതയുള്ള ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കാം. റഷ്യയിൽ എത്തുന്നതിനു മുമ്പ് മൂന്നു ദിവസത്തിനുള്ളിൽ‌ എടുത്ത ആർ‌ടി-പി‌സി‌ആർ ഫലം കൈവശം കരുതണം. റഷ്യയിൽ എത്തിയതിനു ശേഷവും കൊവിഡ് പരിശോധന നടത്തണം. നെഗറ്റീവ് ആണെങ്കിൽ പ്രവേശനം അനുവദിക്കും. പോസിറ്റീവ് ആയാൽ ആയാൽ ചികിത്സാ കേന്ദ്രത്തിലേക്കു മാറ്റും.

റഷ്യയിലേക്കുള്ള വാക്സിനേഷൻ ടൂറുകളെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിച്ചിട്ടുണ്ടെങ്കിലും രാജ്യം വിനോദസഞ്ചാരികൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകുന്നില്ലെന്ന് സർക്കാർ സ്ഥിരീകരിച്ചു. എയർ ഇന്ത്യ, എയ്‌റോഫ്‌ലോട്ട്, ഉസ്ബെക്കിസ്ഥാൻ എയർവേയ്‌സ്, കെ‌എൽ‌എം റോയൽ ഡച്ച്, എമിറേറ്റ്സ് എന്നിവ മുംബൈ, ഡൽഹി എന്നവിടങ്ങളിൽനിന്ന് മോസ്കോയിലേക്കു പരിമിത വിമാന സർവീസ് നടത്തുന്നുണ്ട്.

തുർക്കി

ഏതു രാജ്യത്തു നിന്നുള്ളവർക്കും തുർക്കിയിലേക്ക് പ്രവേശനമുണ്ട്. പക്ഷേ, കൊവിഡ് 19 ബാധിച്ചിട്ടില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാകണം. കൂടാതെ, രാജ്യത്തേക്കു പ്രവേശിക്കുന്നതിന് മുൻപ് വിദഗ്ധ പരിശോധനയ്ക്കു ഹാജരാകുകയും വേണം. രാജ്യത്ത് എത്തിച്ചേരുന്നവർ 14 ദിവസത്തെ നിർബന്ധിത ക്വാറന്റീനും ഏർപ്പെടുത്തിയിട്ടുണ്ട്. 14 ആം ദിവസം വീണ്ടും കൊവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവ് ആയാൽ മാത്രം ക്വാറന്റീന്‍ ഒഴിവാക്കാം. ആറ് വയസ്സിന് മുകളിലുള്ളവർക്ക് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടി-പിസിആർ പരിശോധനാഫലം കൈയിൽ കരുതണം. മുംബൈയിൽനിന്ന് ഇസ്തംബുളിലേക്ക് എയർ ഇന്ത്യ, എമിറേറ്റ്സ്, കെ‌എൽ‌എം റോയൽ ഡച്ച് തുടങ്ങിയവ സർവീസ് നടത്തുന്നുണ്ട്.

കൊറോണ വൈറസിന്റെ വ്യാപനം തുർക്കിയിലെ വിനോദ സഞ്ചാരമേഖലയെ പിടിച്ചുലച്ചപ്പോൾ രാജ്യത്തിന്റെ സാമ്പത്തികമേഖലയും താറുമാറായി. സ്ഥിതിഗതികൾ ഒരു പരിധിവരെ നിയന്ത്രണ വിധേയമായതോടെ, മുൻകരുതലുകൾ സ്വീകരിച്ചു കൊണ്ട് സഞ്ചാരികൾക്കു രാജ്യം സന്ദർശിക്കാമെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് തുർക്കി.

ദക്ഷിണാഫ്രിക്ക

ഇന്ത്യയിൽനിന്നുള്ള വിമാനസർ‌വീസിനു വിലക്ക് ഏർ‌പ്പെടുത്തണമെന്ന് രാജ്യത്ത് ആവശ്യമുയർ‌ന്നെങ്കിലും ദക്ഷിണാഫ്രിക്കൻ സർക്കാർ ഇതുവരെ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. സന്ദർശകർ 72 മണിക്കൂറിനുള്ളിൽ ആർടി പിസിആർ പരിശോധന നടത്തിയിരിക്കണം. ദക്ഷിണാഫ്രിക്കയിൽ എത്തുമ്പോൾ വീണ്ടും കൊവിഡ് പരിശോധന നടത്തണം. അതിനുള്ള ചെലവ് യാത്രക്കാർ തന്നെ വഹിക്കണം. പോസിറ്റീവ് ആണെങ്കിൽ പത്ത് ദിവസത്തെ ക്വാറന്റീൻ നിർബന്ധമാണ്. ദക്ഷിണാഫ്രിക്ക നിലവിൽ ലെവൽ 1 കർഫ്യൂവിലാണ്. ഒത്തുചേരലുകൾ, നൈറ്റ് ക്ലബ് സന്ദർശനം എന്നിവയ്ക്കെല്ലാം രാജ്യത്ത് ഇപ്പോഴും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഐസ്‍‍ലൻഡ്

പൂർണമായും വാക്സിനേഷൻ എടുത്ത ഇന്ത്യക്കാർക്ക് ഇപ്പോൾ ഐസ്‌ലൻഡിലേക്ക് പ്രവേശിക്കാം. രാജ്യത്ത് എത്തിയാലുടൻ കോവിഡ് സ്ക്രീനിങ് ടെസ്റ്റ് നടത്തും. ആഡംബര ട്രാവൽ ആൻഡ് ലൈഫ് സ്റ്റൈൽ സർവീസ് കമ്പനിയായ കെ.എഫ്.ടിയുടെ പ്യുവർ ലക്സ് സ്വകാര്യ ചാർട്ടറുകളും ലാൻഡ് പാക്കേജുകളും രാജ്യത്ത് ആരംഭിച്ചുകഴിഞ്ഞു. യാത്രക്കാർ‌ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ഈജിപ്ത്

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ‌ നിന്നും വരുന്നവർ‌ 15 മിനിറ്റിനുള്ളിൽ‌ കൊവിഡ് പരിശോധനാ ഫലം നൽ‌കുന്ന പ്രത്യേക റാപ്പിഡ് ഡി.എൻ.എ. ടെസ്റ്റ് നടത്തണം. പോസിറ്റീവ് ആയാൽ 15 ദിവസം ക്വാറന്റീനുണ്ട്. മുംബൈയിൽനിന്ന് കെയ്‌റോയിലേക്ക് എയർഇന്ത്യ, ഇത്തിഹാദ് എയർവേയ്‌സ്, ഈജിപ്ത് എയർ എന്നിവ സർവീസ് നടത്തുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here