കെപിസിസി നേതൃസ്ഥാനം; ഹൈക്കമാന്‍ഡ് സംസ്ഥാന നേതാക്കളുമായി ആശയവിനിമയം ആരംഭിച്ചു

പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് സംസ്ഥാനത്തെ നേതാക്കളുമായി ആശയവിനിമയം ആരംഭിച്ചു. കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നേതാക്കളെ ഫോണില്‍ വിളിച്ചാണ് നിലപാട് തേടുന്നത്. താരിഖ് അന്‍വര്‍ നേതാക്കളെ നേരിട്ട് കണ്ട് അഭിപ്രായം തേടില്ലെന്നാണ് സൂചന.
പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനത്തില്‍ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ക്ക് നീരസം തുടരുന്നതിനിടെയാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുളള ചര്‍ച്ചകളും പുരോഗമിക്കുന്നത്. അശോക് ചവാന്‍ സമിതിയുടെ നടപടിയിലും രണ്ടാം നിര നേതാക്കളുള്‍പ്പെടെ ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സംസ്ഥാനത്തെ നേതാക്കളുടെ നിലപാട് ആരായാന്‍ ഹൈക്കമാന്‍ഡ് കേരളത്തിന്റെ ചുമതലയുളള താരിഖ് അന്‍വറിനെ ചുമതലപ്പെടുത്തിയത്. കേരളത്തിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും അദ്ദേഹം സംസ്ഥാനത്തേക്ക് വരില്ലെന്നാണ് നിലവിലെ സൂചന. എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ എന്നിവരുമായി ഫോണ്‍ മുഖാന്തരം താരിഖ് അന്‍വര്‍ ഇതിനോടകം ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് താനില്ലെന്ന് ആവര്‍ത്തിച്ച കെ മുരളീധരന്‍, എംപിമാര്‍ പാര്‍ട്ടി അധ്യക്ഷനാകുന്നില്‍ തെറ്റില്ലെന്നും വ്യക്തമാക്കി. കെപിസിസി അധ്യക്ഷനായി ഹൈക്കമാന്‍ഡ് ആരെ നിയമിച്ചാലും അംഗീകരിക്കുമെന്നും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ പാര്‍ട്ടിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ സാധിക്കൂവെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. ഹൈക്കമാന്‍ഡ് നടപടികളില്‍ അതൃപ്തരായ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അനുനയിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം എന്ത് നടപടി സ്വീകരിക്കുമെന്നത് ശ്രദ്ധേയമാണ്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here